സൂരജ് ലാമയെ കസ്റ്റഡിയിൽവെക്കാൻ മാനസികാരോഗ്യ നിയമപ്രകാരം പൊലീസിന് ഉത്തരവാദിത്തമുണ്ട്; കേരളം പ്രവാസികളുടെ പണം കൊണ്ടാണ് ജീവിക്കുന്നതെന്ന് ഹൈകോടതി
text_fieldsകൊച്ചി: സൂരജ് ലാമയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സന്ദൻ ലാമ നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ പൊലീസിനെതിരെ ഹൈകോടതിയുടെ രൂക്ഷ വിമർശനം. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കലാണ് ക്ഷേമ രാഷ്ട്രത്തിന്‍റെ പ്രധാന ദൗത്യമെന്നും കുവൈത്തിൽ നിന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തിച്ച സൂരജ് ലാമയെ കാണാതായതിൽ പൊലീസിനും വിമാനത്താവള അധികൃതർക്കുമടക്കം ഉത്തരവാദിത്തമുണ്ടെന്നും ഹൈകോടതി വ്യക്തമാക്കി.
നാടുകടത്തലിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിച്ച ലാമയെ കാണാതായത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ബന്ധപ്പെട്ടവർ ഇതിന് മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളെ സംരക്ഷണ കസ്റ്റഡിയിൽ വെക്കാൻ മാനസികാരോഗ്യ നിയമപ്രകാരം പൊലീസിന് ഉത്തരവാദിത്തമുണ്ടെന്ന് കോടതി പറഞ്ഞു. വിദേശത്തുള്ളവർ ഇന്ത്യയിലെത്തുമ്പോൾ അവരുടെ പ്രാധാന്യം നഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്. കേരളം പ്രവാസികളുടെ പണം കൊണ്ടാണ് ജീവിക്കുന്നത്.
വിമാനത്താവളത്തിൽ വന്നയാളെ കാണാതാവുകയും പിന്നീട് മരിച്ചെന്ന് സംശയം പ്രകടിപ്പിക്കേണ്ടി വരുകയും ചെയ്യുന്നത് ലഘുവായി കാണാനാകില്ല. രാജ്യത്തെ ഓരോ പൗരനും കോടതിക്ക് പ്രധാനപ്പെട്ടവരാണ്. ജഡ്ജിമാരെന്ന നിലയിലല്ല, പൗരന്മാരെന്ന നിലയിലാണ് ഇതു പറയുന്നതെന്നും ഹൈകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

