യുവതിയെ മാനസിക രോഗിയാക്കാന്‍ ശ്രമം; അമൃത ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസ് VIDEO
text_fieldsകൊച്ചി: യുവതിയെ മാനസികരോഗിയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കൊച്ചി അമൃത ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസ്. തൃപ്പൂണിത്തുറ യോഗാ സെന്‍റർ നടത്തിപ്പുകാര്‍ ഉള്‍പ്പടെ 17 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഷിതയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ധര്‍മ്മടം പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തത്. വിവാഹത്തില്‍ നിന്നും പിൻമാറാൻ യുവതിയെ മാനസിക രോഗിയാക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അന്യ മതത്തില്‍പെട്ട യുവാവുമായുള്ള വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന് വേണ്ടി തൃപ്പൂണിത്തുറയിലെ യോഗാ സെന്‍ററില്‍ എത്തിക്കുകയും തുടര്‍ന്ന് അമൃത ആശുപത്രിയില്‍ രണ്ട് മാസത്തോളം മാനസിക രോഗിയെന്ന വ്യാജേന ചികിത്സ നടത്തിയെന്നും പരാതിയിൽ പറയുന്നു.
കൊച്ചി അമൃത ആശുപത്രി മനോരാഗ വിദഗ്ധന്‍ ഡോ. ദിനേശ്, വടകര മാനസിക രോഗാശുപത്രി ഡോക്ടര്‍ രമേശ്, യോഗാ സെന്റര്‍ ഡയറക്ടര്‍ മനോജ് ഗുരുജി, യോഗ സെന്‍ററിലെ ജീവനക്കാരായ ശ്രുതി, ചിത്ര, ലക്ഷ്മി, സ്മിത ബട്ട്, സുജിത്ത്, മുരളി, അശ്വതി, ശ്രീജേഷ്, അക്ഷയ്, സനൂബ്, ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അശ്വിന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അന്യായമായി തടഞ്ഞുവെക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 29ന് ബലമായി ഇന്നോവ കാറില്‍ വീട്ടുകാരുടെ സമ്മതത്തോടെ ചില ബന്ധുക്കള്‍ ചേര്‍ന്ന് തട്ടികൊണ്ടു പോയി തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ എത്തിക്കുകയും അവിടെ മര്‍ദ്ദനത്തിനിരയാക്കിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കൂടാതെ, കേസിലെ ഏഴാം പ്രതിയായ മുരളി അശ്ലീല ചുവയോടെ സംസാരിച്ചിരുന്നു. അമൃത ആശുപത്രിയിലെത്തിച്ച് അഞ്ച് ദിവസം അഡ്മിറ്റാക്കുകയും പിന്നീട് രണ്ട് മാസത്തോളം മരുന്നുകള്‍ കഴിപ്പിക്കുകയും ചെയ്തു. കോടതിയില്‍ എത്തിയാല്‍ മാനസികരോഗിയാണെന്ന് തെളിവുണ്ടാക്കാന്‍ വേണ്ടിയാണ് ആശുപത്രിയിലെത്തിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
