Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'വഞ്ചിയൂരിലെ...

'വഞ്ചിയൂരിലെ അക്രമികളായ കറുത്തകുപ്പായ സംഘത്തെ പൊലീസിന്​ പേടി'; അഭിഭാഷകർക്കും പൊലീസിനുമെതിരെ സി.പി.ഐ മുഖപത്രം

text_fields
bookmark_border
vanchiyoor court
cancel
camera_alt

വഞ്ചിയൂർ കോടതിക്ക്​ സമീപമുണ്ടായ തർക്കം

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്​ത അഭിഭാഷകരെയും ഇത്​ നോക്കിനിന്ന പൊലീസിനെയും വിമർശിച്ച്​ സി.പി.ഐ മുഖപത്രം. കോടതിവളപ്പ് ഗുണ്ടാ കോളനിയാക്കരുത് എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ജനയുഗം എഡിറ്റോറിയലിലാണ്​ അഭിഭാഷകരെയും പൊലീസിനെയും നിശിതമായി വിമർശിക്കുന്നത്​.

'അക്ഷരാര്‍ത്ഥത്തില്‍ മനഃസാക്ഷിയില്ലാത്ത ഒരുകൂട്ടം ക്രിമിനല്‍ സ്വഭാവമുള്ള അഭിഭാഷകരുടെ വിളനിലമായി​ വഞ്ചിയൂർ കോടതി മാറി​. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ ആക്രമണമാണ് വഞ്ചിയൂര്‍ കോടതി വളപ്പിലുണ്ടായത്. സിറാജ് ദിനപത്രം യൂനിറ്റ് ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയില്‍ ഹാജരാവുന്നതിന്‍റെ ചിത്രമെടുക്കാന്‍ എത്തിയ സിറാജ് സീനിയര്‍ ഫോട്ടോഗ്രാഫര്‍ ടി. ശിവജികുമാറിനാണ് ഇരുപത്തിയഞ്ചോളം അഭിഭാഷകരുടെ മര്‍‍ദ്ദനമേറ്റത്. എല്ലാം കണ്ടുനിന്ന പൊലീസും വഞ്ചിയൂരിലെ അക്രമികളായ ഈ കറുത്തകുപ്പായ സംഘത്തെ പേടിയാണെന്ന് വീണ്ടും തെളിയിച്ചു' -എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.

നീതിന്യായ മേഖല സാധാരണക്കാരന് നൽകുന്ന സംരക്ഷണവും കരുതലും ഉന്നതമാണ്. ആ വിശ്വാസ്യത നിലനിർത്തുക എന്നത് ന്യായാധിപന്മാരുടെ മാത്രം ഉത്തരവാദിത്തമല്ല. നീതിയും ന്യായവും പകുത്തുനൽകുന്നതിന് നിയമത്തിന്‍റെ സർവവും പരിശോധിച്ച് ന്യായാധിപരെ സഹായിക്കുന്ന അഭിഭാഷകവൃന്ദത്തിന്‍റെ കടമകൂടിയാണ്. നിയമത്തിലൂന്നി വാദം നടത്തുന്നതിന് തൊഴിൽപരമായ യോഗ്യതയും അധികാരവും വൈദഗ്ധ്യവും സിദ്ധിച്ചിട്ടുള്ള അഭിഭാഷകരില്‍ ഒരുപറ്റം, നിലയും നിയമവും മറക്കുന്നത് ജനങ്ങളുടെ ആ വിശ്വാസ്യതയെ തകര്‍ക്കുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി വളപ്പ് ഈവിധം അരക്ഷിതാവസ്ഥയാലാണ് കുപ്രസിദ്ധമായി മാറുന്നത്. ഇവിടെ മേല്‍ക്കോടതികള്‍ക്കോ ന്യായാധിപന്മാര്‍ക്കോ കക്ഷികള്‍ക്കോ വിലയില്ലാതാവുന്നു.

ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുവേണ്ടി യത്നിക്കുന്ന, ഭരണഘടനയുടെ നാലുതൂണുകളില്‍ ഏറ്റവും ബലവത്തായതുമായ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. അക്ഷരാര്‍ത്ഥത്തില്‍ മനഃസാക്ഷിയില്ലാത്ത ഒരുകൂട്ടം ക്രിമിനല്‍ സ്വഭാവമുള്ള അഭിഭാഷകരുടെ വിളനിലം. ഇവര്‍ക്കൊപ്പം ചേരാത്ത സഹജീവികള്‍ പോലും ഭയന്നുകഴിയുകയാണിവിടെ. അഭിഭാഷക വൃത്തിയുടെ മാനവും മാന്യതയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരുപാടുപേര്‍ വഞ്ചിയൂരിലുണ്ട്. ഇന്നലെ നടന്ന അഴിഞ്ഞാട്ടത്തില്‍‍ ഇവര്‍ ഖിന്നരാണ്.

സുപ്രീം കോടതിയും ഹൈക്കോടതിയും ഇടപെട്ട് തീര്‍പ്പുണ്ടാക്കിയിട്ടും വഞ്ചിയൂരിലെ അലിഖിത നിയമങ്ങളും അഭിഭാഷക തേര്‍വാഴ്‌ചകളും തുടരുകയാണ്​. ഇന്നലെ നടന്നത്​ നിയമത്തോടുള്ള വെല്ലുവിളിയും കോടതിയലക്ഷ്യവും ക്രിമിനലിസവുമാണ്. വാര്‍ത്തകള്‍ നല്‍കുന്ന റിപ്പോര്‍ട്ടര്‍മാരെ തിരഞ്ഞുപിടിച്ച് 'വ്യക്തിഹത്യ' എന്നാരോപിച്ച് ലക്ഷങ്ങള്‍ വിലയിട്ട് നഷ്ടപരിഹാര നോട്ടീസ് അയയ്ക്കുന്നത് പതിവാകുന്നു. ഒത്തുതീര്‍പ്പെന്ന രീതിയില്‍ വിളിച്ചുവരുത്തി പണം പിടിച്ചുപറിക്കുന്നതായും സാക്ഷ്യങ്ങളേറെ. ലജ്ജിക്കേണ്ട ഇത്തരം ചെയ്തികള്‍ കേവലം മാധ്യമപ്രവര്‍ത്തകരോടു മാത്രമല്ല. ജില്ലാ മജിസ്ട്രേറ്റിനെയടക്കം തടഞ്ഞുവച്ചും ജഡ്ജിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ടും പുതിയതായി നിയമിക്കപ്പെടുന്ന മജിസ്ട്രേറ്റുമാരെ വ്യവഹാരനടപടികള്‍ക്കിടെ അധിക്ഷേപിച്ചും ക്രിമിനല്‍ മാഫിയ വിലസുകയാണ്.

സന്നദ് സ്വീകരിക്കുമ്പോള്‍ ചെയ്യുന്ന പ്രതിജ്ഞയുടെ ലംഘനമാണിതെല്ലാം. നിയമത്തിന്‍റെ യാതൊരു ആനുകൂല്യത്തിനും അര്‍ഹതയില്ലാത്ത കാടത്തമാണിത്. ജനങ്ങള്‍ക്ക് നീതിതേടാനുള്ള ആദ്യപടി അഭിഭാഷകരാണ്. മധ്യസ്ഥരായ ഇവരില്‍ ചിലര്‍ ഗുണ്ടകളും ക്രിമിനലുകളുമായി നിലകൊള്ളുന്നത് ആ സമൂഹത്തിനും കോടതികള്‍ക്കും അപമാനമാകുന്നു. സാമൂഹികപ്രതിബദ്ധത മറന്നുകൊണ്ടുള്ള പലരുടെയും പിന്തുണയാണ് ഈ ക്രിമിനല്‍മാഫിയക്ക്​ വളം. ഇത് അനുവദിച്ചുകൂട. സുപ്രീം കോടതിവരെയുള്ള മേല്‍ക്കോടതികളും നിയമനിര്‍മ്മാണസഭയും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ടേ തീരൂ​െവന്നും എഡി​േറ്റാറിയൽ വ്യക്​തമാക്കുന്നു.

Show Full Article
TAGS:vanchiyoor court
News Summary - ‘Police fear gangsters in Vanchiyoor’; janayugam against lawyers and police
Next Story