Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് നിയന്ത്രണം...

പൊലീസ് നിയന്ത്രണം അതിരുവിട്ടു; തൃശൂർ പൂരം അലങ്കോലമായി; വെടിക്കെട്ട് നടന്നത് പകൽവെളിച്ചത്തിൽ

text_fields
bookmark_border
പൊലീസ് നിയന്ത്രണം അതിരുവിട്ടു; തൃശൂർ പൂരം അലങ്കോലമായി; വെടിക്കെട്ട് നടന്നത് പകൽവെളിച്ചത്തിൽ
cancel

തൃശൂർ: കമീഷണർ അങ്കിത് അശോകന്‍റെ നേതൃത്വത്തിലുള്ള സിറ്റി പൊലീസിന്‍റെ അമിതാധികാര പ്രയോഗത്തിൽ തൃശൂർ പൂരത്തിന്‍റെ രാത്രി പൂരവും വെടിക്കെട്ടും അലങ്കോലപ്പെട്ടു. പൂരം കാണാനെത്തിയവരെയും തിരുവമ്പാടി ദേവസ്വത്തിന്‍റെ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെയും വടം കെട്ടി ‘പുറത്താക്കിയ’ പൊലീസ് നടപടി ചരിത്രത്തിലാദ്യമായി തിരുവമ്പാടിയുടെ രാത്രി പൂരത്തിന്‍റെ മഠത്തിൽ വരവ് ചടങ്ങ് മുടക്കുന്ന സ്ഥിതിയുണ്ടാക്കി. തിരുവമ്പാടി വിഭാഗം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച വെടിക്കെട്ട് മന്ത്രി കെ. രാജൻ അടക്കമുള്ളവരുടെ അനുരഞ്ജന ചർച്ചയെ തുടർന്ന് രാവിലെ 7.30നാണ് ആരംഭിക്കാനായത്. പൂരത്തിന്‍റെ ശോഭ കെടുത്തിയ പൊലീസ് നടപടിയിലും പൊലീസിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ജില്ല ഭരണകൂടത്തിന്‍റെയും സർക്കാറിന്‍റെയും സമീപനത്തിലും വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

തിരുവമ്പാടി വിഭാഗത്തിന്‍റെ രാത്രി പൂരത്തിന്‍റെ ഭാഗമായ മഠത്തിൽ വരവ് എഴുന്നള്ളത്ത് ഉൾപ്പെടെ തടസ്സപ്പെടുന്ന രീതിയിൽ നഗരം കൊട്ടിയടച്ച പൊലീസ് നടപടിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. രാത്രി പൂരങ്ങളുടെ എഴുന്നള്ളത്തും മേളവും കാണാനെത്തിയവരെ ‘ബന്ദി’കളാക്കുകയാണ് പൊലീസ് ചെയ്തത്. സ്വരാജ് റൗണ്ടിൽ നടുവിലാലിൽനിന്ന് നായ്ക്കനാലിലേക്ക് നടക്കുന്നവർക്ക് തിരിച്ചുവരാൻ പറ്റാത്ത വിധമായിരുന്നു കൊട്ടിയടക്കൽ. പുലർച്ച മൂന്നിന് തുടങ്ങുന്ന വെടിക്കെട്ടിന്‍റെ പേരിൽ രാത്രി 11 കഴിഞ്ഞതോടെ സ്വരാജ് റൗണ്ട് അടച്ചുകെട്ടിയതാണ് പ്രശ്നമായത്. ഒരിടത്തേക്കും നീങ്ങാൻ പറ്റാത്ത അവസ്ഥ വന്നതോടെ എഴുന്നള്ളത്ത് ഒരാനപ്പുറത്തെത്തി നായ്ക്കനാലിൽ അവസാനിപ്പിച്ച് മടങ്ങി. അതിനിടെ നടുവിലാൽ വടത്തിനപ്പുറത്ത് നിന്ന ജനങ്ങളെ ലാത്തി വീശി ഓടിക്കുകയും ചെയ്തു.

ഇതിനിടെ, വെടിക്കെട്ടിലും പൊലീസ് ഇടപെട്ട് പ്രശ്നമുണ്ടാക്കി. തിരുവമ്പാടി വിഭാഗത്തിന്‍റെ വെടിക്കെട്ട് സാമഗ്രികൾ തയാറാക്കാൻ വെടിക്കെട്ട് പുരയുടെ താക്കോൽ രാത്രി രണ്ട് മണിയായിട്ടും പൊലീസ് കൊടുത്തില്ല. തിരുവമ്പാടി ഭാരവാഹികൾ പലവട്ടം ആവശ്യപ്പെട്ടപ്പോൾ നിയന്ത്രിത എണ്ണം ആൾക്കാരെ മാത്രം പ്രവേശിപ്പിക്കാമെന്നായി. എന്നാൽ, കുറഞ്ഞ സമയത്തിനകം വെടിക്കെട്ടൊരുക്കാൻ വേണ്ടത്ര ആൾക്കാരും ദേവസ്വം ഭാരവാഹികളും പോകേണ്ടതുണ്ടെന്ന് പറഞ്ഞെങ്കിലും വഴങ്ങിയില്ല. തർക്കം മൂത്തതോടെ വെടിക്കെട്ട് പണിക്കാരും ദേവസ്വം ഭാരവാഹികളും അവിടെനിന്ന് ഇറങ്ങി. പിന്നാലെ വെടിക്കെട്ട് ഉപേക്ഷിക്കുന്നതായി ദേവസ്വം കമ്മിറ്റിയുടെ പ്രഖ്യാപനവും വന്നു.

ഈ സാഹചര്യത്തിലാണ് മന്ത്രി കെ. രാജനും കലക്ടർ വി.ആർ. കൃഷ്ണ തേജയും ഇടപെട്ട് പൊലീസുമായും ദേവസ്വം ഭാരവാഹികളുമായും ചർച്ച തുടങ്ങിയത്. തൃശൂരിലെ എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളായ വി.എസ്. സുനിൽകുമാറും സുരേഷ് ഗോപിയും ഇതിനിടെ എത്തിച്ചേർന്നു. ചർച്ച പുലർച്ച ആറു വരെ നീണ്ടു. ഒടുവിൽ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട് രാവിലെ നടത്താൻ ധാരണയായി. ഇതാദ്യമായി നേരം പുലർന്ന ശേഷം വെടിക്കെട്ട് നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Pooram
News Summary - Police excesses mar Thrissur Pooram festivities
Next Story