വടിവാൾ വിനീതിനെ എത്തിച്ച് തെളിവെടുത്തു
text_fieldsകുപ്രസിദ്ധ കുറ്റവാളി വിനീതിനെ (വടിവാൾ വിനീത്) കൊല്ലം കോടതിയിൽ ഹാജരാക്കിയപ്പോൾ
കൊല്ലം: പൊലീസ് പിടിയിലായ കുപ്രസിദ്ധ മോഷ്്ടാവ് എടത്വ ചങ്ങൻകരി ലക്ഷംവീട് കോളനിയിൽ വൈപ്പിൻചേരി വീട്ടിൽ വിനീതിനെ(വടിവാൾ വിനീത്-21) പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഇയാൾ ഒളിച്ചിരിക്കുകയും നാട്ടുകാരുടെ സഹായത്താൽ പൊലീസ് സാഹസികമായി പിടികൂടുകയും ചെയ്ത ആശ്രാമത്തും കടപ്പാക്കടയിലും എത്തിച്ചാണ് െതളിവെടുപ്പ് നടത്തിയത്.
വ്യാഴാഴ്ച പുലർച്ച കടപ്പാക്കടയിൽ കാറിലെത്തിയ വിനീതിനെ റോഡിന് കുറുകെ ജീപ്പ് നിർത്തിയിട്ട് പൊലീസ് തടയുകയായിരുന്നു. കാറിൽനിന്ന് ഇറങ്ങിയോടിയ ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പുലർച്ച അഞ്ചരയോടെ ടൗൺ അതിർത്തിയിൽനിന്ന് പിടികൂടുകയായിരുന്നു.
കാർ മോഷണക്കേസിൽ ബംഗളൂരുപൊലീസും ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ട്. ജില്ലയിൽ കരുനാഗപ്പള്ളി, ചവറ, പാരിപ്പള്ളി, കുണ്ടറ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. കഴിഞ്ഞമാസം പെരുമ്പാവൂർ പൊലീസിെൻറ പിടിയിലായ വിനീത് കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽനിന്നാണ് രക്ഷപ്പെട്ടത്. തുടർന്ന് 20 ഇടങ്ങളിൽ കവർച്ച നടത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതുസംബന്ധിച്ച അന്വേഷണം നടക്കുകയാണ്.
കൊല്ലം ഈസ്്റ്റ് പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. ബൈക്ക് മോഷണക്കേസുകളാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളത്.