പർദ ധരിച്ച് സി.ഐ, കൂലിപ്പണിക്കാരനായി പ്രിൻസിപ്പൽ എസ്ഐ, പാചകക്കാരനായി എസ്.ഐ; വെട്ടിച്ച് കടന്ന പ്രതിയെ പിടിക്കാൻ വേഷംകെട്ടി പൊലീസുകാർ
text_fieldsകൊച്ചി: തെളിവെടുപ്പിനിടെ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ബൈക്ക് മോഷണക്കേസ് പ്രതിയെ വേഷംമാറിയെത്തിയ പൊലീസുകാർ വിദഗ്ധമായി പിടികൂടി. ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ബൈക്ക് മോഷണക്കേസിലെ പ്രതി പിറവം ചെറുവേലിക്കുടിയിൽ ജിതേഷ് എന്ന ജിത്തു (21)വിനെയാണ് പ്രച്ഛന്നവേഷത്തിലത്തിയ പൊലീസുകാർ പിടികൂടിയത്.
കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിലായിരുന്നു നാടകീയ സംഭവം. ഇൻസ്പെക്ടർ പർദ ധരിച്ചും പ്രിൻസിപ്പൽ എസ്ഐ കൂലിപ്പണിക്കാരന്റെ വേഷത്തിലുമാണ് എത്തിയത്. റെയിൽവേ സ്റ്റേഷൻ ഹോട്ടലിലെ പാചകക്കാരനായി എസ്ഐയും ഓട്ടോറിക്ഷ ഡ്രൈവറായി എഎസ്ഐയും വന്നു. പെൺസുഹൃത്തിനെ ഫോണിൽ വിളിച്ച് പ്രതി റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു. സുഹൃത്തിന് സമീപം ബെഞ്ചിലിരുന്നപ്പോഴാണ് വേഷം മാറി നിന്ന പൊലീസുകാർ പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ജിതേഷിനെ കോതനല്ലൂർ ഓമല്ലൂർ ഭാഗത്തു നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പ്രതിയെ തെളിവെടുപ്പിനായി വെമ്പള്ളിയിൽ എത്തിച്ച സമയം പൊലീസിനെ തള്ളിയിട്ടു സമീപത്തെ കാട്ടിലേക്കു മറഞ്ഞു. പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഓടിപ്പോയ പ്രതി ഉഴവൂർ കല്ലട കോളനിയിലുള്ള പെൺസുഹൃത്തിന്റെ വീട്ടിലെത്തി. പിന്നീട് അവിടം വിട്ടു. സുഹൃത്തിൽ നിന്നു വാങ്ങിയ മഴു ഉപയോഗിച്ച് റെയിൽവേ ലൈനിൽ വച്ച് കൈവിലങ്ങ് പൊട്ടിച്ച ശേഷം സമീപത്തെ പള്ളിയുടെ സ്കൂളിന്റെ വരാന്തയിൽ കഴിച്ചു കൂട്ടി. പെൺസുഹൃത്തിനൊപ്പം തമിഴ്നാട്ടിലേക്ക് പോകാനായിരുന്നു ജിതേഷിന്റെ പദ്ധതി. രാത്രി പൊലീസ് പെൺസുഹൃത്തിന്റെ വീട്ടിൽ കാത്തിരുന്നെങ്കിലും ജിതേഷ് എത്തിയില്ല.
അൽപം കഴിഞ്ഞ് വഴിയാത്രക്കാരന്റെ ഫോണിൽ നിന്നു ജിതേഷ് പെൺസുഹൃത്തിനെ വിളിച്ച് കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. അവരെയും കൊണ്ട് പൊലീസ് റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ പ്രതി എത്തിയപ്പോഴാണ് വേഷം മാറി നിന്നിരുന്ന പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

