വിമാനത്താവള പരിസരത്ത് പൊലീസ് പരിശോധന നടത്തുന്നത് ചട്ടലംഘനം; പിടിച്ചെടുത്ത സ്വർണം നിയമവിരുദ്ധമായി ഉരുക്കുന്നതായി കസ്റ്റംസ് സത്യവാങ്മൂലം
text_fieldsകേരള ഹൈകോടതി
കൊച്ചി: വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് സ്വർണം പിടിക്കാൻ പൊലീസിന് അധികാരമില്ലെന്ന് കസ്റ്റംസ്. കരിപ്പൂർ സ്വർണവേട്ടയുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരെ അടക്കം പരിശോധിക്കുന്ന പൊലീസ് നടപടി കസ്റ്റംസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വിമാനത്താവള പരിസരത്ത് പരിശോധന നടത്താൻ പൊലീസിന് അധികാരമില്ല. അത് കസ്റ്റംസിനായി വിജ്ഞാപനം ചെയ്ത മേഖലയാണ്. അവിടുത്തെ പരിപൂർണ നിയന്ത്രണം കസ്റ്റംസിനാണ്. വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തുന്നതായി വിവരം ലഭിച്ചാൽ കസ്റ്റംസിന് കൈമാറണം.
ഹൈകോടതിയിലെ ഹരജിക്ക് ആധാരമായി പൊലീസ് പിടിച്ചെടുത്ത 170 ഗ്രാം സ്വർണം വിദേശനിർമിതമാണെന്ന് തോന്നുന്നു. ഇത് പിടിച്ചെടുക്കാനുള്ള അധികാരം കസ്റ്റംസിനാണ്. അത് സൂക്ഷിക്കേണ്ടതും തുടർ നടപടി സ്വീകരിക്കേണ്ടതും തങ്ങളാണ്. വിമാനത്താവള പരിസരത്ത് കടന്നു പൊലീസ് യാത്രക്കാരെ പരിശോധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പിടിച്ചെടുത്ത സ്വർണം ഉരുക്കി പരിശോധിക്കുന്ന നടപടി അധികാരപരിധി കടന്നതാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തിൽ പറയുന്നു.
കരിപ്പൂർ വിമാനത്താവള പരിസരത്ത് നിന്ന് പിടികൂടുന്ന സ്വർണം വൻതോതിൽ തിരിമറി നടത്തുന്നുണ്ടെന്ന് മുൻ എം.എൽ.എ പി.വി. അൻവൻ മുമ്പ് വ്യക്തമാക്കിയിരുന്നു. എസ്.പിയായിരുന്ന സുജിത് ദാസിനും സ്ക്വാഡിനും എതിരെയാണ് അൻവർ ആരോപണം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

