കോട്ടയത്തെ ദമ്പതികളുടെ കൊല: പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് മേധാവി ഷാഹുൽ ഹമീദ്
text_fieldsകോട്ടയം: കോട്ടയം നഗരത്തിലെ തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ പറ്റില്ലെന്നും ശാസ്ത്രീയ പരിശോധനകൾ നടന്നുവരുകയാണന്നും അദ്ദേഹം പറഞ്ഞു. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയേയും ഭാര്യയേയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടയം നഗരമധ്യത്തിലെ വീടിനുള്ളിലാണ് വിജയകുമാർ (64), ഭാര്യ മീര (60) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ ചൊവ്വാഴ്ച രാവിലെ വീട്ടു ജോലിക്കാരി കണ്ടെത്തിയത്. പ്രതി പ്രധാന വാതിൽ തുറന്നാണ് അകത്തു കയറിയത് എന്നാണ് സംശയിക്കുന്നത്. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനാല തുറന്ന ശേഷമാണ് വാതിൽ തുറന്നത്. തുടർന്ന് കോടാലി ഉപയോഗിച്ച് കൊലപാതകം നടത്തി. പൊലീസ് ജോലിക്കാരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
വീട്ടിലെ സി.സി.ടി.വിയുടെ ഡി.വി.ആർ കാണാനില്ലന്നും കൊലപാതകത്തിൽ പ്രൊഫഷണൽ അപ്പ്രോച്ച് കാണുന്നില്ലന്നും പോലീസ് മേധാവി പറഞ്ഞു. നിലവിൽ കസ്റ്റഡിയിൽ ആരുമില്ലെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. പൊലീസിന്റെ നിരീക്ഷണവലയത്തിലാണ് പ്രതിയെന്നാണ് നിഗമനം. കേസന്വേഷണത്തിന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

