പൊലീസിെൻറ പ്രവര്‍ത്തനത്തിൽ മാറ്റം; ഡ്യൂട്ടിക്ക് പകുതിപേർ, നിസ്സാരകാര്യങ്ങളിൽ അറസ്റ്റ് ഒഴിവാക്കും
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ പൊലീസിെൻറ പ്രവര്‍ത്തനരീതിയിൽ തിങ്കളാഴ്ച മുതൽ മാറ്റം. ഉന്നതലസമിതിയുടെ റിേപ്പാർട്ടിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കൽ, പരാതിക്കാരോട് സംസാരിക്കല്‍, വിവിധ ഉപകരണങ്ങളുടെ പ്രയോഗം, പ്രതിഷേധങ്ങളെ നേരിടൽ എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് പ്രധാന മാറ്റം.
വിവിധ പൊലീസ് സേനകളിലെ നടപടിക്രമങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളാണ് കേരള പൊലീസ് സ്വീകരിച്ചിട്ടുള്ളതെന്നും ഈ മാറ്റങ്ങള്‍ ഒരു സാഹചര്യത്തിലും പൊലീസിെൻറ പ്രവര്‍ത്തനമികവിനെ ബാധിക്കില്ലെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊലീസ് സേനാംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പി ഡോ. ബി. സന്ധ്യ, ബറ്റാലിയന്‍ വിഭാഗം എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി. അസുഖബാധിതരാകുന്ന ഉദ്യോഗസ്ഥര്‍ അക്കാര്യം ഉടന്‍ മേലധികാരികളെ അറിയിക്കണമെന്നും നിർദേശിച്ചു.
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് സുരക്ഷ പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിന് മാതൃകയായിരിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. ജാമ്യം ലഭിക്കുന്ന കേസുകളില്‍ അറസ്റ്റ് ഒഴിവാക്കണം.
അറസ്റ്റ് നടത്തേണ്ട അവസ്ഥയില്‍ ഉദ്യോഗസ്ഥര്‍ മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസറുകള്‍ എന്നിവ ഉപയോഗിക്കണം. അറസ്റ്റ് ചെയ്യപ്പെടുന്നയാളെയും മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കാന്‍ ആവശ്യപ്പെടണം. പൊലീസ് വാഹനത്തില്‍ അവരെ ഒരു മീറ്റര്‍ അകലത്തില്‍ മാത്രമേ ഇരുത്തൂ. ലോക്കപ്പുകളിലും സാമൂഹിക അകലം പാലിക്കണം. എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ നേതൃത്വത്തില്‍ തയാറാക്കിയ പ്രവര്‍ത്തനരീതി റിപ്പോർട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
പൊലീസിലെ പ്രധാനമാറ്റങ്ങൾ
* വെള്ളിയാഴ്ച പരേഡ് ഒഴിവാക്കി
*പതിവ് വാഹനപരിശോധന, നിസ്സാര കാര്യങ്ങളിലെ അറസ്റ്റ് എന്നിവ ഒഴിവാക്കും
*പൊലീസുമായി നേരിട്ട് ബന്ധമില്ലാത്ത ജോലികള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ ഒഴിവാക്കും
* സി.സി.ടി.വി, ഹെല്‍പ് ലൈന്‍, കാമറ, സാങ്കേതികവിദ്യ എന്നിവ പരമാവധി ഉപയോഗിക്കും
* പൊതുജനങ്ങള്‍ സ്റ്റേഷന് സന്ദര്‍ശിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം
* പരാതികള്‍ ഇ-മെയില്‍, വാട്സ്ആപ് മുഖേനയോ കണ്‍ട്രോള്‍ നമ്പര്‍ 112 മുഖേനയോ നല്‍കണം
* ഷിഫ്റ്റ് മാറ്റം, പരേഡ്, ക്ലാസുകള്‍ എന്നിങ്ങനെ പൊലീസുദ്യോഗസ്ഥര്‍ ഒത്തുകൂടുന്ന അവസരങ്ങള്‍ പരമാവധി ഒഴിവാക്കണം.
* എല്ലാ യൂനിറ്റുകളിലും ദിനംപ്രതി ഡ്യൂട്ടിക്കായി പകുതി ജീവനക്കാർ. പകുതിപ്പേര്‍ക്ക് വിശ്രമം. കഴിയുന്നതും ഏഴ് ദിവസത്തെ ജോലിക്ക് ശേഷം ഏഴ് ദിവസത്തെ വിശ്രമം.
* ഡ്യൂട്ടിസ്ഥലങ്ങളില്‍ നേരിട്ട് ഹാജരായശേഷം ഇക്കാര്യം ഫോണ്‍വഴി സ്റ്റേഷനില്‍ അറിയിച്ചാല്‍ മതി
*ഡ്യൂട്ടി കഴിയുമ്പോള്‍ വിഡിയോ കോള്‍, ഫോണ്‍, വയര്‍ലെസ് തുടങ്ങിയവ വഴി മേലുദ്യോഗസ്ഥനെ അറിയിച്ചശേഷം മടങ്ങാം
*മേലുദ്യോഗസ്ഥര്‍ നിർദേശങ്ങള്‍ നല്‍കാന്‍ എസ്.എം.എസ്, വാട്സ്ആപ്, ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം
* സ്റ്റേഷനുകളില്‍ പൊലീസുദ്യോഗസ്ഥര്‍ ഒരുമിച്ച് വിശ്രമിക്കുന്നതും കൂട്ടംചേര്‍ന്ന് ഇരിക്കുന്നതും ഒഴിവാക്കണം
* ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ നേരെ വീടുകളിലേക്ക് പോകണം
* ഭക്ഷണവും വെള്ളവും കൈയില്‍ കരുതുക, ഇതിനായി പൊതുഇടങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുക
* പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്ലാ യൂനിറ്റുകളിലും വെല്‍ഫെയര്‍ ഓഫിസർ
* ജീവിതശൈലീരോഗങ്ങളുള്ള 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ശ്രമകരമായ ചുമതലകളില്‍നിന്ന് ഒഴിവാക്കും
*ഗര്‍ഭിണികളായ ഉദ്യോഗസ്ഥകള്‍ക്ക് ഓഫിസ്, കമ്പ്യൂട്ടര്‍, ഹെല്‍പ് ലൈന്‍ ചുമതലകള്‍ നല്‍കണം
* തിരക്കേറിയ ജങ്ഷനുകളില്‍ മാത്രമേ ട്രാഫിക് ചുമതല നല്‍കാവൂ
* റെയില്‍വേ സ്റ്റേഷന്, വിമാനത്താവളം, ചെക്പോസ്റ്റ് എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥരെ കുറക്കണം
* എല്ലാദിവസവും അലക്കിയ വൃത്തിയുള്ള യൂനിഫോം തന്നെ ധരിക്കണം
* ഫീല്‍ഡ് ജോലിയില്‍ റബര്‍ ഷൂസ്, ഗം ബൂട്ട്, കാന്‍വാസ് ഷൂ എന്നിവ ഉപയോഗിക്കാം
*ഫെയ്സ് ഷീല്‍ഡ് ധരിക്കുമ്പോള്‍ തൊപ്പി നിര്‍ബന്ധമില്ല
* മൊബൈല്‍ ഫോണില്‍ കഴിയുന്നതും സ്പീക്കര്‍ മോഡ് ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
