ഫോട്ടോ പതിക്കാത്ത പൊലീസ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തില്ലെന്ന് യു.എ.ഇ എംബസി
text_fieldsപഴയങ്ങാടി: യു.എ.ഇയിലേക്ക് തൊഴിൽവിസ ലഭിക്കുന്നതിനായി അപേക്ഷകർക്ക് നൽകുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റി (പി.സി.സി)ൽ ഫോട്ടോ പതിക്കാത്തതിനാൽ, സാക്ഷ്യപ്പെടുത്താൻ സമർപ്പിച്ച ആയിരക്കണക്കിന് സർട്ടിഫിക്കറ്റുകൾ യു.എ.ഇ എംബസി തിരിച്ചയച്ചു. യു.എ.ഇയിൽ തൊഴിൽ ലഭിച്ച് വിസക്ക് കാത്തിരിക്കുന്ന ആയിരക്കണക്കിനാളുകൾക്ക് ഇത് തിരിച്ചടിയായി. പൊലീസ് ക്ലിയറൻസിന് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായില്ലെങ്കിൽ സർട്ടിഫിക്കറ്റിൽ ഫോട്ടോ പതിക്കരുതെന്ന് പൊലീസ് ഉന്നത കേന്ദ്രങ്ങളിൽനിന്നുള്ള നിർദേശമുണ്ടെന്നാണ് ഇതുസംബന്ധിച്ച് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്ന സബ് ഇൻസ്പെക്ടർമാരുടെ വിശദീകരണം.
ഫോട്ടോ പതിക്കാത്ത സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യയിലെ യു.എ.ഇ എംബസിയും കോൺസുലേറ്റുകളും. ഇതോടെ തിരുവനന്തപുരം, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ എംബസിയിലും കോൺസുലേറ്റിലും സമർപ്പിച്ച നൂറുകണക്കിന് സർട്ടിഫിക്കറ്റുകളാണ് അപേക്ഷകർക്ക് തിരിച്ചയച്ചുതുടങ്ങിയത്. ഫെബ്രുവരി അഞ്ചു മുതലാണ് യു.എ.ഇയിൽ തൊഴിൽവിസ ലഭിക്കാൻ അവരവരുടെ രാജ്യത്തെ പൊലീസിൽനിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നത്. പൊലീസ് അധികാരിയിൽനിന്ന് ലഭിക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിെൻറയും യു.എ.ഇ കോൺസുലേറ്റിെൻറയും സാക്ഷ്യമുദ്രണത്തോടെയാണ് തൊഴിൽവിസക്ക് സമർപ്പിക്കേണ്ടതെന്ന് ഉത്തരവിൽ പറയുന്നു. ഇതോടെ സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്യേണ്ട അധികാരകേന്ദ്രങ്ങളെക്കുറിച്ചും ആശയക്കുഴപ്പമുണ്ടായിരുന്നു. നിരവധി അപേക്ഷകർ പാസ്പോർട്ട് ഓഫിസിൽനിന്ന് നേടിയെടുക്കുന്ന പി.സി.സിയാണ് സാക്ഷ്യപ്പെടുത്താനായി സമർപ്പിച്ചത്. പൊലീസ് അധികാരികളിൽനിന്നുള്ള സർട്ടിഫിക്കറ്റാണ് സമർപ്പിക്കേണ്ടതെന്ന വിശദീകരണം ലഭിച്ചതോടെ ജില്ല പൊലീസ് സൂപ്രണ്ടായിരുന്നു ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ നൽകിയത്. തുടർന്നാണ് വിദേശകാര്യ മന്ത്രാലയവും യു.എ.ഇ കോൺസുലേറ്റും സാക്ഷ്യപ്പെടുത്തിയ പൊലീസ് സ്റ്റേഷൻ അധികാരികൾ നൽകുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്വീകരിച്ചുതുടങ്ങിയത്.
സന്ദർശകവിസയിൽ യു.എ.ഇയിലെത്തിയവരാണ് തൊഴിൽ നേടിയശേഷം നാട്ടിലെ പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ മുഖേന ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നത്. അപേക്ഷകളിൽ അന്വേഷണം നടത്തിയാണ് പൊലീസ് സർട്ടിഫിക്കറ്റ് നൽകുന്നത്. നേരിട്ട് ഹാജരായില്ലെങ്കിൽ വിദേശത്തെ ഇന്ത്യൻ എംബസിവഴി ഫോട്ടോ പതിപ്പിച്ച് സാക്ഷ്യപ്പെടുത്തി അപേക്ഷ നൽകിയാൽ പി.സി.സിയിൽ ഫോട്ടോ പതിച്ചുനൽകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ക്ലിയറൻസ് സർട്ടിഫിക്കറ്റിനൊടൊപ്പം പാസ്പോർട്ടിെൻറ പകർപ്പും ഫോട്ടോ പതിച്ച മറ്റു തിരിച്ചറിയൽ രേഖകളും സമർപ്പിച്ചാണ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നത്. ക്ലിയറൻസിനുള്ള അപേക്ഷകളിൽ അന്വേഷണം നടത്തി സർട്ടിഫിക്കറ്റ് നൽകാമെങ്കിൽ അപേക്ഷയോടൊപ്പം സമർപ്പിച്ച തിരിച്ചറിയൽ രേഖകളുടെ ബലത്തിൽ സർട്ടിഫിക്കറ്റിൽ ഫോട്ടോ പതിക്കുന്നതിന് എന്താണ് തടസ്സമെന്നതിന് പൊലീസിന് മറുപടിയില്ല. വിദേശ ഇന്ത്യൻ എംബസിവഴി ഫോട്ടോ പതിച്ച സാക്ഷ്യപത്രത്തോടുകൂടി പൊലീസ് ക്ലിയറൻസിന് അപേക്ഷിക്കണമെന്ന നിർദേശം പ്രായോഗികമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.