കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കേസെടുത്തു
text_fieldsകോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് നാഷണൽ ആശുപത്രിക്കെതിരായ പരാതിയിൽ നടക്കാവ് പൊലീസാണ് കേസെടുത്തത്. അശ്രദ്ധമായി ചികിത്സ നടത്തിയതിനാണ് കേസ്. കൂടുതൽ വകുപ്പുകൾ ചേർക്കലും ആരെയെങ്കിലും പ്രതി ചേർക്കുന്നതും കൂടുതൽ അന്വേഷണത്തിന് ശേഷമാകുമെന്നും പൊലീസ് അറിയിച്ചു.
പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ല മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയക്ക് വിധേയയായ കക്കോടി മക്കട ‘നക്ഷത്ര’യിൽ സജിന സുകുമാരന്റെ (60) പരാതിയിലാണ് നടപടി. നടക്കാവ് പൊലീസ് ആശുപത്രിയിലെത്തി രേഖകൾ ശേഖരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രി അധികൃതർ അവർക്കനുകൂലമായി രേഖകളിൽ തിരുത്തൽ നടത്തിയതായി മകൾ ഷിംന ആരോപിക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സജിന സുകുമാരൻ നാഷനൽ ആശുപത്രിയിൽ ചികിത്സക്ക് വിധേയയായത്. ഇടതുകാലിന്റെ ഞരമ്പിനേറ്റ ക്ഷതം പരിഹരിക്കാൻ വലതുകാലിന് ശസ്ത്രക്രിയ നടത്തി എന്നാണ് പരാതി. വലതുകാലിന് യാതൊരു പ്രയാസവും ഇല്ലായിരുന്നുവെന്നും ഈ കാലിൽ ശസ്ത്രക്രിയ നടത്തിയത് ഡോക്ടർക്ക് സംഭവിച്ച പിഴവാണെന്ന് ബന്ധുക്കൾ പറയുന്നു.
അതേസമയം ഇരു കാലിനും ഉപ്പൂറ്റിക്ക് പരിക്കുള്ളതിനാലാണ് ആദ്യം വലതുകാലിന് ശസ്ത്രക്രിയ നടത്തിയത് എന്നാണ് ശസ്ത്രക്രിയ നടത്തിയ ഓർത്തോ സർജൻ ഡോ. ബെഹിർഷാന്റെ വിശദീകരണം. എന്നാൽ ശസ്ത്രക്രിയക്കുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയത് ഇടതുകാലിനായിരുന്നുവെന്നും വലതു കാലിന് സ്കാനിങ് പോലും നടത്തിയിരുന്നില്ലെന്നും രോഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

