വാഹനമിടിച്ച് പരിക്കേറ്റയാളെ പ്രതിയാക്കി പൊലീസ് കേസ്; ഇടിച്ച വാഹനം എ.ഐ.ജിയുടേത്
text_fieldsതിരുവല്ല: വാഹനമിടിച്ച് പരിക്കേറ്റയാളെ പ്രതിയാക്കി വാഹനാപകടത്തില്‍ തിരുവല്ല പൊലീസ് കേസെടുത്തു. മന്ത്രി വി.എന്‍. വാസവന്റെ അടുത്ത അനുയായി ആയ എ.ഐ.ജി (അസി. ഇൻസ്പെക്ടർ ജനറൽ) വി.ജി. വിനോദ്കുമാറിന്റെ സ്വകാര്യ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തിലാണ് തിരുവല്ല പോലീസിന്റെ വിചിത്ര നടപടി.
സാധാരണ വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നയാളുടെ മൊഴി വാങ്ങിയാണ് പൊലീസ് കേസെടുക്കുന്നത്. ഇവിടെയാകട്ടെ എ.ഐ.ജിയുടെ സ്വകാര്യ വാഹനം ഓടിച്ചിരുന്ന പൊലീസ് ഡ്രൈവറുടെ മൊഴി പ്രകാരം പരിക്കേറ്റയാള്‍ക്കെതിരെയാണ് കേസെടുത്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 10.50ന് എം.സി റോഡില്‍ കുറ്റൂരില്‍ വെച്ചാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് വന്ന എ.ഐ.ജി സഞ്ചരിച്ച മഹീന്ദ്ര എക്‌സ്.യു.വി 700 വാഹനം ഹോട്ടല്‍ ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇയാള്‍ കുറുകെ ചാടിയെന്നും അപ്പോള്‍ വണ്ടി തട്ടി തലയിലും മുഖത്തും തോളത്തും മുറിവു പറ്റിയെന്നുമാണ് എഫ്‌ഐആര്‍.
സാരമായി പരിക്കേറ്റ തൊഴിലാളി പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. ഇയാള്‍ക്ക് പറ്റിയ പരിക്കേിനേക്കാള്‍ വിശദമായാണ് എ.ഐ.ജിയുടെ കാറിന് വന്ന കേടുപാടുകള്‍ എഫ്.ഐ.ആറില്‍ വിവരിക്കുന്നത്. കാറിന്റെ ബോണറ്റിന്റെ ഇടതുവശം ബോഡിഭാഗത്തും ഹെഡ്‌ലൈറ്റ് ഭാഗത്തും വീല്‍ ആര്‍ച്ച് ഭാഗത്തും കേടുപാടുകള്‍ സംഭവിച്ചെന്നാണ് എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത്. പരിക്കേറ്റയാളെ പുഷ്പഗിരിയില്‍ ആക്കിയ ശേഷം വാഹനത്തിന്റെ ഡ്രൈവര്‍ എ.കെ. അനന്തു തിരുവല്ല പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
വാഹനത്തില്‍ സഞ്ചരിച്ചിരുന്നത് എ.ഐ.ജി ആയതിനാലും വിവാദം ഒഴിവാക്കുന്നതിന് വേണ്ടിയും ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവറുടെ മെഡിക്കല്‍ എടുക്കുന്ന പതിവുണ്ട്. ഇവിടെ അതുണ്ടായിട്ടില്ലെന്ന് മാത്രമല്ല, അയാളുടെ മൊഴി വാങ്ങി കാല്‍നടയാത്രികനെതിരേ കേസ് എടുക്കുകയാണ് ചെയ്തത്.
തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് വിമർശനം ഉയരുന്നുണ്ട്. അധികാരദുര്‍വിനിയോഗം ഉണ്ടായെന്നും പറയുന്നു. വാഹനം ഓടിച്ച ഡ്രൈവറെ പ്രതിയാക്കിയിട്ടുമില്ല. വി.ജി. വിനോദ്കുമാറിന്റെ പേരിലുള്ളതാണ് വാഹനം. വഴിവിട്ട് കേസെടുത്ത വിവരം ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് എസ്.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതു സംബന്ധിച്ച് എസ്.പി ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്‌ഐ ഡൊമിനിക് മാത്യുവാണ് എഫ്‌ഐആര്‍ തയാറാക്കിയത്. അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

