'മലപ്പുറത്ത് നിന്ന് വന്നിട്ട് ആളാവേണ്ട'; കൽപറ്റയിൽ യുവാവിന് നേരെ പൊലീസ് അതിക്രമം -VIDEO
text_fieldsകല്‍പറ്റ: ഡ്രൈവിങ്ങിനിടെ ഫോണില്‍ സംസാരിച്ചെന്നാരോപിച്ച് യുവാവിന് നേരെ പൊലീസ് അതിക്രമം. കല്‍പ്പറ്റ ട്രാഫിക് എസ്.ഐയും സംഘവും യുവാവിനെ വലിച്ചിഴച്ച് പൊലീസ് ജീപ്പില്‍ കയറ്റി. മലപ്പുറം സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് അതിക്രമമുണ്ടായത്. ബുധനാഴ്ച രാവിലെ 10.30ഓടെ കൽപറ്റ ആനപ്പാലം ജങ്ഷനിലാണ് സംഭവം.
മലപ്പുറം രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍ ട്രാഫിക് എസ്.ഐ വി.പി. ആന്റണിയുടെ നേതൃത്വത്തില്‍ കൈ കാണിച്ചു നിര്‍ത്തി. മൊബൈല്‍ ഫോണില്‍ സംസാരിച്ചാണ് ഇദ്ദേഹം കാര്‍ ഓടിച്ചതെന്ന് പൊലീസ് പറയുന്നു. ഇതിന് പിഴ ചുമത്തുകയും ചെയ്തു. താന്‍ കോടതിയില്‍ പണമടച്ചോളാം എന്ന് കാര്‍ ഡ്രൈവര്‍ പറഞ്ഞതോടെ പൊലീസിന്റെ മട്ട് മാറി. പിന്നാലെ യുവാവിനെ പിടിച്ചുവലിച്ച് ജീപ്പില്‍ തള്ളിക്കയറ്റി. ഇതിനിടയില്‍ എസ്.ഐ യുവാവിനെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണമെന്നും താന്‍ ആരാണെന്ന് കാണിച്ച് തരാമെന്നും പറയുന്നുണ്ടായിരുന്നു. പിന്നാലെയാണ് മലപ്പുറത്ത് നിന്നും വന്ന് ഇവിടെ കളിക്കേണ്ടെന്ന പരാമര്‍ശവും എസ്.ഐ നടത്തിയത്.
യുവാവിനെതിരെ അതിക്രമം ഉണ്ടായതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വിഡിയോയിലാണ് എസ്.ഐയുടെ മലപ്പുറം പരാമര്‍ശം വ്യക്തമായി ഉള്ളത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
യുവാവിനെ കയറ്റി അതിവേഗതയില്‍ പൊലീസ് ജീപ്പ് മുന്നോട്ട് എടുക്കുന്നതിനിടെ സമീപത്തെ ഓട്ടോറിക്ഷയില്‍ കൂട്ടിയിടിച്ചു. ഓട്ടോ ഡ്രൈവര്‍മാര്‍ സംഘടിച്ചതോടെ രംഗം കൂടുതല്‍ വഷളായി. പിന്നാലെ കല്‍പറ്റ സി.ഐ സ്ഥലത്തെത്തി. സി.ഐ ഇടപെട്ട് ആളുകളെ ശാന്തമാക്കിയാണ് യുവാവിനെയും കൊണ്ട് പൊലീസ് വാഹനം ഇവിടെ നിന്ന് പോയത്. സ്‌റ്റേഷനിലെത്തിച്ച യുവാവില്‍ നിന്ന് പിഴയീടാക്കിയ ശേഷം ഇയാളെ വിട്ടയച്ചെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, മലപ്പുറം പരമാര്‍ശം നടത്തിയിട്ടില്ലെന്നും പൊലീസ് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

