മറ്റു കേസുകളിൽ കാണിക്കുന്ന ആവേശം ആരിഫ് തെരുവത്തിന്റെ കാര്യത്തിൽ എവിടെ പോയി, അബ്ദുല്ല ബാസിൽ വിഷയത്തിൽ പൊലീസ് ഇരട്ടത്താപ്പിനെതിരെ ഡോ. ജിന്റോ ജോൺ
text_fieldsകൊച്ചി: ഡോ. അബ്ദുല്ല ബാസിലിനെതിരെയുള്ള പൊലീസ് നടപടികളിൽ അനീതി ആരോപിച്ചും, ഫേസ്ബുക്കിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച എക്സ് മുസ്‍ലിം ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ കേസെടുക്കാത്ത പൊലീസിനെതിരെ വിമർശിച്ചും കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പൊലീസിന്റെ പക്ഷപാതപരമായ നിലപാടിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഡോ. അബ്ദുല്ല ബാസിലിന്റെ കുടുംബത്തിലെ സ്ത്രീകളെയും മുസ്‍ലിം സ്ത്രീകളെയും പൊതുവായും ലൈംഗികമായി അധിക്ഷേപിക്കുന്ന രീതിയിൽ ആരിഫ് ഹുസൈൻ തെരുവത്ത് ആഗസ്റ്റ് 12ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അന്നേദിവസം തന്നെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുകയും, സൈബർ ക്രൈം ഹെഡ്ക്വാർട്ടേഴ്സ് മുഖേന കണ്ണൂർ ചക്കരക്കൽ പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറുകയും ചെയ്തിട്ടും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല.
പരാതികൾ സ്റ്റേഷനിൽ തണുപ്പൻ രീതിയിൽ മാറ്റിവെച്ചതോടെ ആരിഫ് ഹുസൈൻ വീണ്ടും സ്ത്രീവിരുദ്ധവും മതവിദ്വേഷപരവുമായ പോസ്റ്റുകൾ ആവർത്തിക്കുകയാണെന്നും, ഇതിന് പൊലീസിലെ ചിലരുടെ മൗനപിന്തുണയുണ്ടെന്നും ജിന്റോ ജോൺ കുറ്റപ്പെടുത്തുന്നു. മുസ്‍ലിം സ്ത്രീകളുടെ വിമോചനമെന്ന പേരിൽ അയാൾ നടത്തുന്ന പ്രചരണങ്ങൾ തികഞ്ഞ ഇസ്‍ലാമോഫോബിയയും വർഗീയതയുമാണ്.
മറ്റുള്ളവരുടെ കാര്യത്തിൽ കാണിക്കുന്ന ആവേശം ആരിഫ് ഹുസൈന്റെ കാര്യത്തിൽ പൊലീസ് കാണിക്കുന്നില്ല. സണ്ണി എം. കപിക്കാടനെതിരെ ഖേദപ്രകടനം നടത്തിയിട്ടും കേസെടുക്കാൻ മിടുക്ക് കാണിച്ച പൊലീസും, അപർണ കുറുപ്പിന്റെ കേസിൽ നടപടി മരവിപ്പിച്ചവരും, ആരിഫ് തെരുവോത്തിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നത് എന്ത് നീതീകരണത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിക്കുന്നു.
സംഘപരിവാറിന്റെ ആശയങ്ങളെ പിന്തുണക്കുന്ന രീതിയിലാണ് ചില പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ മതേതര കാഴ്ചപ്പാടുകളും ഉയർത്തിപ്പിടിക്കുന്ന സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ തിരുത്താൻ തയ്യാറാകണമെന്നും ജിന്റോ ജോൺ ആവശ്യപ്പെട്ടു.
പോസ്റ്റിന്റെ പൂർണരൂപം
ആരിഫ് ഹുസൈൻ തെരുവത്ത് 2026 ഓഗസ്റ്റ് 12 ന് ഡോ. അബ്ദുള്ള ബാസിലിന്റെ വീട്ടിലെ സ്ത്രീകളേയും മുസ്ലിം സ്ത്രീകളെ പൊതുവായും ലൈംഗികമായി അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് കമന്റിൽ ചേർക്കുന്നു. അന്നേ ദിവസം തന്നെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇക്കാര്യത്തിലുള്ള പരാതി കൊടുത്തതായാണ് അറിയുന്നത്.
മുഖ്യമന്ത്രിയുടേയും ഡിജിപിയുടേയും ഓഫീസുകളിൽ നിന്ന് ആ പരാതി സൈബർ ക്രൈം പോലീസ് ഹെഡ്ക്വാർട്ടേഴ്സ് മുഖേന കണ്ണൂർ ചക്കരക്കൽ പോലീസ് സ്റ്റേഷനിലേക്ക് ഫോർവേർഡ് ചെയ്തതായും അറിയുന്നു. എന്നാൽ അവിടം മുതൽ ഫ്രീസറിലിരിക്കുന്ന ആ പരാതിയിൽ ഇതുവരെ FIR ഇട്ടതായി അറിവില്ല. ആരിഫ് ഹുസൈൻ പിന്നീടും പലവട്ടം ലൈംഗിക അധിക്ഷേപ, സ്ത്രീവിരുദ്ധ പോസ്റ്റുകളിട്ടു. അതെല്ലാം ചൂണ്ടിക്കാണിച്ച് വീണ്ടും പരാതികൾ കൊടുത്തെങ്കിലും അതെല്ലാം തണുപ്പിക്കാൻ വച്ചിരിക്കുകയാണ്. അയാൾ തുടരുന്ന സ്ത്രീവിരുദ്ധ, മതവിദ്വേഷപരമായ, വർഗ്ഗീയ താത്പര്യത്തിലൂന്നിയ തുടർ പ്രചരണങ്ങൾക്ക് പോലീസിലെ ചിലരുടെ മൗനപിന്തുണയുമുണ്ടെന്ന് സംശയിക്കാൻ ഇടവരരുത്. നീതിയും നിയമവും എല്ലാവർക്കും തുല്യമായി വിതരണം ചെയ്യപ്പെടണം. സംഘികളെ കാണുമ്പോൾ വിറക്കുന്ന കാക്കി കുപ്പായക്കാർ പിണറായി ഭരണം അവസാനിച്ചത് അറിഞ്ഞില്ലെങ്കിൽ ആഭ്യന്തര മന്ത്രിയും സർക്കാരും അറിയിക്കണം... നിയമത്തെ നീതിയുടെ വഴിയെ നടപ്പാക്കിക്കൊണ്ട്.
ആരൊക്കെയോ നടത്തിയ മ്ലേച്ഛമായ സൈബർ അക്രമത്തിന്റെ പേരിൽ ഡോ. അബ്ദുള്ള ബാസിലിനെ പ്രതിയാക്കാൻ വെമ്പൽകൊണ്ടവർ, ഖേദം പ്രകടിപ്പിച്ചിട്ടും (പറഞ്ഞതിനെ ഒരുതരത്തിലും ഒരു ബഹുസ്വര സമൂഹത്തിന് അംഗീകരിക്കാൻ പറ്റില്ലെങ്കിലും) സണ്ണി എം കപിക്കാടിനെതിരെ കേസെടുത്ത് മിടുക്ക് കാണിച്ചവർ, അപർണ്ണ കുറുപ്പിന്റെ ഖേദപ്രകടനത്തെ മാത്രം മാനിച്ച് അവർക്കെതിരേയുള്ള കേസിൽ നടപടി എടുത്തതായും കാണുന്നില്ല. ഇതൊക്കെ എന്ത് തരം നീതീകരണമാണ് ജനാധിപത്യ മതേതര മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടിയായി തരുന്നത്?
ആരിഫ് ഹുസൈൻ തെരുവത്ത് ഒരുതരത്തിലും സ്ത്രീപക്ഷ നിലപാടുള്ളയാളല്ല. അതയാളുടെ പോസ്റ്റിൽ നിന്ന് വ്യക്തമാണ്. എങ്ങനെയാണ് ഒരു മനുഷ്യന് ഇത്രയും വൃത്തികെട്ട രീതിയിൽ അമ്മമാരേയും സ്ത്രീകളേയും അഭിസംബോധന ചെയ്യാനാകുക? അയാൾ മുസ്ലിം സ്ത്രീകളുടെ വിമോചനമെന്ന പേരിൽ പറഞ്ഞുക്കൂട്ടുന്നതെല്ലാം തികഞ്ഞ ഇസ്ലാമോഫോബിയയും വർഗ്ഗീയതയുമാണ്. സ്വയം എക്സ് മുസ്ലിം എന്ന് അഡ്രസ്സ് ചെയ്യുന്ന അയാൾ ഇസ്ലാം ഫോളോ ചെയ്തിരുന്ന കാലത്ത് അയാളുടെ പോസ്റ്റിൽ പറഞ്ഞപ്രകാരമാണോ വീട്ടിലെ സ്ത്രീകളെ കണ്ടിരുന്നത്? ഞാൻ അങ്ങനെ വിചാരിക്കുന്നില്ല. അങ്ങനെ ആണെങ്കിൽ അയാൾ ഒരുതരത്തിലും ഒരു പരിഷ്കൃത സമൂത്തിന് യോജിച്ച ആളല്ല. അത്രമേൽ വൃത്തികെട്ട മനസ്ഥിതിയാണ് അയാളെ ഇപ്പോൾ നയിക്കുന്നത്. അപരന്റെ വീട്ടിലെ സ്ത്രീകളെ കുറിച്ച് ഇത്തരം വൃത്തികേടുകൾ പറയാൻ അയാൾക്ക് ഒരുതരത്തിലുമുള്ള അവകാശമില്ല. മതവിശ്വാസികളായ സ്ത്രീകളെ ലൈംഗീകമായി ആക്ഷേപിക്കുന്നതല്ല സ്ത്രീപക്ഷ, സ്ത്രീസമത്വ, ലിംഗനീതിയുടെ ജനാധിപത്യ ബോധം. അയാളെ നയിക്കുന്നത് അന്ധമായ ഇസ്ലാം വിരുദ്ധതയും മതവെറിയും വർഗ്ഗീയതയുമാണ്.
സംഘപരിവാറിന്റെ ഷാഡോ പണിയെടുക്കുന്ന ആരിഫ് ഹുസൈനെതിരെ ഇനിയും കേസെടുക്കാൻ മടിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ തികഞ്ഞ സംഘപരിവാർ ബോധത്താൽ നയിക്കപ്പെടുന്നവരാണ്. അവർ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് സർക്കാരിന്റെ പോലീസ് നയമല്ല ഫോളോ ചെയ്യുന്നത്. ആരിഫ് ഹുസൈന്റെ സംഘിബോധത്തെ ഫോളോ ചെയ്യുന്ന ഏമാന്മാർ രാഹുൽ ഗാന്ധി മുന്നോട്ട് വയ്ക്കുന്ന ഭരണഘടനാ മൂല്യങ്ങളുടെ യുഡിഎഫ് രാഷ്ട്രീയത്തെ അൺഫോളോ ചെയ്യുന്നു. വി ഡി സതീശനേക്കാൾ വലിയ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയേക്കാൾ വലിയ ആഭ്യന്തരമന്ത്രിയും ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ ഇല്ലെന്ന് കരുതുന്നു. കണ്ണുള്ളവർ കണ്ടും കാതുള്ളവർ കേട്ടും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

