'ഈ മൗനം ദുരൂഹം.!, ഇങ്ങനെ ഒരു മുഖ്യമന്ത്രി സംസ്ഥാന ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല'; വി.ഡി. സതീശൻ
text_fieldsവി.ഡി.സതീശൻ
തിരുവനന്തപുരം: കേരള പൊലീസിലെ ഒരു കൂട്ടം ക്രിമിനലുകള്‍ നടത്തിയ ക്രൂര മര്‍ദനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തെളിവ് സഹിതം തുടര്‍ച്ചയായി പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മൗനം തുടരുന്നതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും കരുതരുത്. നരാധമന്മാരായ ക്രിമിനലുകളെ സര്‍വീസില്‍ നിന്നും പുറത്താക്കിയെ മതിയാകൂ. നടപടി ഉണ്ടാകുന്നതു വരെ കോണ്‍ഗ്രസും യു.ഡി.എഫും സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുന്നംകുളത്തും പീച്ചിയിലും പൊലീസ് ചെയ്ത ക്രൂരതയുടെ ദൃശ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് കണ്ടിട്ടുണ്ട്. എന്നിട്ടും പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണം.
ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ലെന്ന് തുടര്‍ച്ചയായി തെളിയുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലാണ് കേരളത്തിലെ പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. അതിനെതിരെ ചെറുവിരല്‍ അനക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. സ്വന്തം വകുപ്പ് ഇത്രമേല്‍ ആരോപണങ്ങള്‍ നേരിടുമ്പോഴും ഒരക്ഷരം ഉരിയാടുകയോ കാര്യമായ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത ഒരു മുഖ്യമന്ത്രി സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവ പരമ്പരയില്‍ ഇനിയെങ്കിലും മൗനം വെടിയാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

