മദ്യപിച്ചവർക്കൊപ്പം ഓട്ടം പോകാൻ തയ്യാറായില്ല ; ഓട്ടോ ഡ്രൈവറെ പൊലീസ് ലോക്കപ്പിൽ മർദിച്ചെന്ന്
text_fieldsതിരൂരങ്ങാടി: മലപ്പുറം താനൂരിൽ ഓട്ടോ ഡ്രൈവറായ യുവാവിനെ അകാരണമായി വാഹനത്തിലും ലോക്കപ്പിലിട്ടും പൊലീസ് മർദ്ദിച്ച ശേഷം ചികിത്സ നിഷേധിച്ചതായി ബന്ധുക്കൾ. വെന്നിയൂർ വാളക്കുളം പെരുവൻ കുഴിയിൽ അബ്ദുസലാമി (35)ന്റെ ബന്ധുക്കളാണ് താനൂർ എസ്.ഐ. സുമേഷിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച നന്നമ്പ്ര കല്ലത്താണി എസ്.എൻ.യു.പി.സ്‌കൂൾ പരിസരത്ത് വെച്ച് അബ്ദുസലാമിൻെറ വാഹനത്തിന് സാധാരണ വേഷം ധരിച്ച മൂന്നു പേർ കൈകാണിച്ചിരുന്നതായും സംഘത്തെ മദ്യം മണക്കുന്നതിനാൽ ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഓട്ടം പോകാൻ സലാം തയ്യാറായില്ല. പോകുന്ന വഴിയിൽ തങ്ങൾ പോലീസാണെന്ന് അറിയിച്ച ശേഷം മൂവരും ബലമായി വാഹനത്തിൽ കയറിക്കൂടി ഓട്ടോ സമീപത്തെ തയ്യാല ടൗണിലേക്ക് പോവുകയും ടൗണിലെത്തിയ ശേഷം സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചത്രെ. തുടർന്ന് എത്തിയ പൊലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ച് ലോക്കപ്പിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു. കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് മർദിച്ചത് ജഡ്ജിയോട് പറഞ്ഞതായും ബന്ധുക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
അവശനായ അബ്ദുസലാമിനെ ജഡ്ജിയുടെ നിർദ്ദേശത്തെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എന്നാൽ ശരീരത്തിൽ മാരകമായ മർദ്ദനത്തിന്റെ പാടുകൾ ശ്രദ്ധയിൽപ്പെടുകയും രോഗി ഛർദ്ദിക്കുകയും ചെയ്തതിനാൽ ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തെങ്കിലും മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാതെ പകരം തിരൂർ സബ്ജയിലിക്കേ് കൊണ്ടു പോകുകയുമാണ് പൊലീസ് ചെയ്തത്.
സംഭവമന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തുന്നവരോട് കഞ്ചാവ് കേസിനാണ് സലാമിനെ അറസ്റ്റ് ചെയ്‌തെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും പൊലീസ് തന്റെ മകനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് മാതാവ് പെരുവൻകുഴിയിൽ പാത്തുമ്മു പറഞ്ഞു.