പൊലീസ് ആക്രമണം: ഷാഫി പറമ്പിൽ ലോക്സഭ സ്പീക്കർക്ക് തെളിവ് കൈമാറും; ഡി.ജി.പിക്ക് പരാതിയും നൽകും
text_fieldsഷാഫി പറമ്പിൽ
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പിയെ പൊലീസ് ആക്രമിച്ച സംഭവത്തിൽ ലോക്സഭ സ്പീക്കർക്ക് ഉടൻ തെളിവ് കൈമാറും. വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ് ആക്രമിക്കുന്ന ദൃശ്യങ്ങളും പൊലീസ് ഉദ്യോഗസ്ഥൻ അച്ചടക്ക നടപടി നേരിട്ട ആളാണെന്ന് ചൂണ്ടിക്കാട്ടുന്നതും അടക്കമുള്ള തെളിവുകളാണ് കൈമാറുക. ഇതോടൊപ്പം ഷാഫി പറമ്പിൽ ഡി.ജി.പിക്ക് പരാതിയും നൽകും.
ഒക്ടോബർ 30ന് ഡൽഹിയിലെത്തുന്ന ഷാഫി ലോക്സഭ സ്പീക്കറെ നേരിൽകണ്ടും വിഷയം ധരിപ്പിക്കും. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ നിയമപരമായ മാർഗങ്ങളിലൂടെ മുന്നോട്ടു പോകാനാണ് കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും തീരുമാനം.
തനിക്കെതിരായ പൊലീസ് ആക്രമണം പാർലമെന്‍റ് പ്രിവിലേജ് കമ്മിറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 12ന് ഷാഫി പറമ്പിൽ സ്പീക്കർക്ക് നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെ ഷാഫിയെ ചില പൊലീസുകാർ പിറകിൽ നിന്ന് അടിച്ചുവെന്ന റൂറൽ എസ്.പിയുടെ വെളിപ്പെടുത്തലും തെളിവായി ഹാജരാക്കിയിട്ടുണ്ട്.
മാഫിയ ബന്ധത്തിന്റെ പേരിൽ അച്ചടക്ക നടപടി നേരിട്ട വടകര കൺട്രോൾ റൂം സി.ഐ അഭിലാഷ് ഡേവിഡ് ആണ് പേരാമ്പ്രയിൽ തന്നെ മർദിച്ചതെന്ന് ഷാഫി പറമ്പിൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പൊലീസുകാരൻ തലയിലും മൂക്കിലും അടിക്കുന്നതിന്റെയും വീണ്ടും ലാത്തിയോങ്ങുന്നതിന്റെയും ദൃശ്യങ്ങൾ ഷാഫി വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. പൊലീസുകാരൻ സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള ആളായതിനാലാണ് അന്വേഷണം മരവിപ്പിച്ചതെന്നും എം.പി ആരോപിച്ചു.
എ.ഐ ടൂൾ ഉപയോഗിച്ച് പേരാമ്പ്ര സംഭവത്തിലെ കുറ്റക്കാരായ പൊലീസുകാരെ കണ്ടെത്തുമെന്നായിരുന്നു റൂറൽ എസ്.പി പറഞ്ഞത്. എന്തുകൊണ്ട് ഇത്ര ദിവസമായിട്ടും കുറ്റക്കാരെ കണ്ടെത്തിയില്ല? അന്വേഷണം മരവിപ്പിക്കാൻ സി.പി.എം നൽകിയ നിർദേശം പാലിക്കുകയായിരുന്നു പൊലീസ്. ശബരിമല വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ സി.പി.എം പൊലീസിനെ ഉപയോഗിച്ച് വിവാദങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ആസൂത്രിതമായിരുന്നു ഈ സംഭവം.
2023 ജനുവരി 16ന് അഭിലാഷ് ഡേവിഡ് ഉൾപ്പെടെ മൂന്ന് പൊലീസുകാരെ മാഫിയ ബന്ധത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തിരുന്നു. 19ന് പിരിച്ചുവിട്ടതായി മാധ്യമങ്ങളിൽ വാർത്തയും വന്നു. ലൈംഗിക പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന്റെ പേരിലെന്നായിരുന്നു വാർത്ത. എന്നാൽ, വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടവരുടെ പട്ടിക പൊലീസ് ആസ്ഥാനത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്.
പിരിച്ചുവിട്ടെന്ന് പറയുകയും പിന്നീട് രഹസ്യമായി തിരിച്ചെടുക്കുകയും സി.പി.എം പറയുന്ന ഗുണ്ടാപ്പണിക്ക് അവരെ നിയോഗിക്കുകയാണ് ചെയ്യുന്നത്. അഭിലാഷിന് പഴയ എസ്.എഫ്.ഐ ബന്ധമുണ്ടെന്നും സസ്പെൻഷൻ കാലയളവിൽ വഞ്ചിയൂരിലെ സി.പി.എം ഓഫിസിൽ നിത്യസന്ദർശകനായിരുന്ന ആളാണെന്നും ഷാഫി ആരോപിച്ചു.
അങ്ങനെയുള്ളയാളെ ഇവിടെ നിർത്തിയിട്ട് പ്രകോപനമില്ലാത്ത സമരത്തിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഡിവൈ.എസ്.പി ഹരിപ്രസാദ് ഗ്രനേഡ് കൈയിൽ വെച്ചുകൊണ്ടാണ് ലാത്തി കൊണ്ട് അടിക്കുന്നത്. പാർട്ടിയിലുള്ള ആളുകൾ സ്ഥലത്തുണ്ടായിട്ടും ഡിവൈ.എസ്.പി ഗ്രനേഡ് കൊണ്ടുനടന്നത് എന്തിനാണ്? ആൾക്കൂട്ടത്തെ പരിക്കേൽപിക്കാൻ മുഖത്തേക്കും തലയിലേക്കും എറിയുന്ന ക്രൂരതയാണ് പൊലീസ് കാണിച്ചത്. പരിക്കേറ്റ ഡിവൈ.എസ്.പി ആശുപത്രിയിലെത്തിയ ശേഷം, എം.പി ആശുപത്രിയിൽ അഡ്മിറ്റായോ എന്ന് അന്വേഷിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും ഷാഫി പറുത്തുവിട്ടു. ഇതിൽ നിന്നുതന്നെ ആക്രമിച്ചത് ആസൂത്രിതമാണെന്ന് വ്യക്തമാണെന്ന് ഷാഫി പറഞ്ഞു.
പൊലീസിലെ ചിലർ ബോധപൂർവം പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിച്ചതായി എസ്.പി പ്രസംഗിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുപോലും ഇതിനെ വേറെ രീതിയിൽ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. സംഭവം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പൊലീസ് തന്റെ മൊഴി എടുക്കുകപോലും ചെയ്തിട്ടില്ല. ശബരിമലയിൽ അയ്യപ്പന്റെ സ്വർണം ചെമ്പായി മാറിയതുപോലെ പേരാമ്പ്രയിൽ പൊലീസിന്റെ ഗ്രനേഡ് ബോംബാക്കി മാറ്റാനുള്ള കള്ളക്കളി ജനങ്ങൾ കൈയോടെ പിടികൂടിയിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഭാവനയും തിരക്കഥയുമാണ് പൊലീസ് എഫ്.ഐ.ആറിലുള്ളത്. പേരാമ്പ്രയിലെ സമാധാനം തകരാതിരിക്കാനുള്ള ഇടപെടലാണ് ഞങ്ങൾ നടത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് പൊലീസും സി.പി.എമ്മും നടത്തിയ വ്യാജ പ്രചാരണങ്ങളുടെ തെളിവു നൽകുമെന്നും ഷാഫി പറഞ്ഞു.
-----------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

