
നിയമസഭക്കുമുന്നിൽ പ്രതിഷേധം; ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാകവാടത്തിനുമുന്നിൽ പ്രതിഷേധിച്ച ബി.ജെ.പി നേതാക്കളെ പൊലീസ് അറസ്റ്റ്ചെയ്തുനീക്കി. രാവിടെ 11.30 ഓടെ നിയമസഭയിൽനിന്ന് പുറത്തുവന്ന ഒ. രാജഗോപാൽ എം.എൽ.എ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് സർക്കാർ കള്ളക്കടത്തിനും അഴിമതിക്കും കൂട്ടുനിൽക്കുകയാണെന്ന് രാജഗോപാൽ കുറ്റപ്പെടുത്തി.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് സരിതയാണെങ്കിൽ ഇപ്പോൾ സ്വപ്നയാണ് മുഖ്യമന്തിയുടെ ഓഫിസിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിെൻറ കശാപ്പുശാലയായി കേരളം മാറിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പറഞ്ഞു. രാജഗോപാൽ സംസാരിച്ചുതുടങ്ങിയപ്പോൾ നിയമസഭാകവാടത്തിനുമുന്നിൽ സമരം അനുവദിക്കില്ലെന്നും അറസ്റ്റ് ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പൊലീസ്ജീപ്പിൽ കയറാൻ വിസമ്മതിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് ജീപ്പിലേക്ക് മാറ്റി.
കെ. സുരേന്ദ്രൻ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, പി. സുധീര്‍, വൈസ് പ്രസിഡൻറ് വി.ടി. രമ, സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, സി. ശിവന്‍കുട്ടി, ജില്ല പ്രസിഡൻറ് വി.വി. രാജേഷ് എന്നിവരെ ബലം പ്രയോഗിച്ചാണ് െപാലീസ് നീക്കം ചെയ്തത്. പിന്നീട് നേതാക്കളെ ജാമ്യത്തില്‍ വിട്ടു. അറസ്റ്റിൽ പ്രതിഷേധിച്ച് യുവമോർച്ച നേതൃത്വത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തി. െപാലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞു.