സന്ദീപ് വാര്യറുടെ വീട്ടുവളപ്പിൽ കയറിയ അപരിചിതനെ പൊലീസ് പിടികൂടി
text_fieldsതച്ചനാട്ടുകര:ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ ചെത്തല്ലൂരിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലിപ്പറമ്പ് സ്വദേശി യൂസഫിനെയാണ് നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റബ്ബര്‍ ഷീറ്റ് മോഷ്ടിക്കാനായാണ് ഇയാള്‍ സന്ദീപിന്‍റെ വീട്ടില്‍ കയറിയതെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ഏതാനും ദിവസം മുന്‍പ് സന്ദീപ് വാര്യര്‍ തന്നെ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. റബ്ബര്‍ ഷീറ്റ് മോഷ്ടിക്കാനായി ശ്രമം നടത്തിയെങ്കിലും പൊലീസ് പട്രോളിംഗ് വാഹനം കണ്ടതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടതായി ഇയാള്‍ മൊഴി നല്‍കി.
ചെത്തല്ലൂര്‍ മുറിയങ്കണ്ണി സ്വദേശിയുടെ വീട്ടില്‍ നിന്നും ഇയാള്‍ റബ്ബര്‍ ഷീറ്റുകളും ഒട്ടു പാലും മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. നവംബര്‍ 21ന് സന്ദീപ് വാര്യര്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അപരിചിതൻ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറിയതെന്നും, വധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അച്ഛൻ ഇത് സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്നും വെളിപ്പെടുത്തിയത്.