പൊലീസിനെ നിയന്ത്രിക്കുന്നത് സംഘ്പരിവാർ ശക്തികൾ -വി.ഡി. സതീശൻ
text_fieldsകോൺഗ്രസ് പ്രവർത്തകരുടെ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദ ആരോപണം ഉന്നയിച്ചതിനെതിരെയും പൊലീസിലെ ആർ.എസ്.എസ് സെൽ പ്രവർത്തനങ്ങൾക്കെതിരെയും കോൺഗ്രസ് ആലുവയിൽ നടത്തിയ പ്രതിഷേധ സദസ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
ആലുവ: കേരളത്തിൽ പൊലീസിനെ നിയന്ത്രിക്കുന്നത് സംഘ്പരിവാർ ശക്തികളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് പ്രവർത്തകരുടെ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദ ആരോപണം ഉന്നയിച്ചതിനെതിരെയും പൊലീസിലെ ആർ.എസ്.എസ് സെൽ പ്രവർത്തനങ്ങൾക്കെതിരെയും ജില്ല കോൺഗ്രസ് കമ്മിറ്റി ആലുവയിൽ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രവാദ പരാമർശത്തോടെ പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട് എഴുതിക്കാവുന്ന വിധത്തിൽ അവരെ നിയന്ത്രിക്കുന്ന സംഘപരിവാർ ശക്തികളുണ്ട്. പേര് നോക്കി തീവ്രവാദ ബന്ധം ആരോപിക്കാൻ കഴിയുന്നവർ പൊലീസ് ഉദ്യോഗസ്‌ഥർക്കിടയിലുണ്ട്. കേരളത്തില്‍ മോദിയുടെ നിഴല്‍ ഭരണമാണ് നടക്കുന്നത്. സംഘപരിവാറിന് കുടപിടിക്കുകയാണ് കേരള പൊലീസ്. സമരം ചെയ്ത കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നത് പൊലീസില്‍ സംഘ്പരിവാര്‍ സെല്‍ ഉണ്ടെന്നതിന് തെളിവാണ്.
കേരള രാഷ്‌ട്രീയത്തില്‍ ബി.ജെ.പിയുടെ പ്രസക്തി ഇല്ലാതാകുന്നതില്‍ ദുഖിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. നരേന്ദ്ര മോദി കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുമ്പോള്‍ പിണറായി വിജയന്‍ കോണ്‍ഗ്രസ് മുക്ത കേരളം സ്വപ്നം കാണുന്നു. ഒരു കൈ ബി.ജെ.പിയുടെ തോളിലും മറുകൈ എസ്.ഡി.പി.ഐയുടെ തോളിലും വയ്ക്കുന്ന മുഖ്യമന്ത്രിയുടെ വര്‍ഗീയ പ്രീണനമാണ് കേരള രാഷ്‌ട്രീയത്തെ മലീമസമാക്കുന്നത്.
സോഷ്യല്‍ എന്‍ജിനീയറിങ് എന്ന ഓമനപ്പേരില്‍ ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും മുഖ്യമന്ത്രി മാറി മാറി പുണരുകയാണ്. ഇതിൻറെ ഭാഗമായാണ് ഈരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐയെ കൂട്ടുപിടിച്ചും കോട്ടയത്ത് ബി.ജെ.പിയുമായി ചേര്‍ന്നും യു.ഡി.എഫ് ഭരണം അസ്‌ഥിരപ്പെടുത്താന്‍ ശ്രമിച്ചതെന്നും സതീശൻ പറഞ്ഞു. യോഗത്തിൽ ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

