കെവിനെ തട്ടിക്കൊണ്ടു പോയത് പൊലീസിന്‍റെ അറിവോടെ; ഫോൺ സംഭാഷണം പുറത്ത്
text_fieldsകോട്ടയം: കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടു പോയത് പൊലീസ് അറിവോടെയെന്ന് സ്ഥിരീകരിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. ഷാനു ചാക്കോയും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും തമ്മിൽ പുലർച്ചെ 5.35ന് നടത്തുന്ന ഫോൺ സംഭാഷണമാണ് വാർത്താ ചാനലുകൾ പുറത്തുവിട്ടത്. കെവിൻ ഞങ്ങളുടെ കൈയിൽ നിന്ന് ചാടിപ്പോയെന്നും തന്‍റെ ഭാവി തുലക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അനീഷിന്‍റെ വീട് തകര്‍ത്തതിന് നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നും ഷാനു ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സംഭാഷണത്തിന്‍റെ പൂർണരൂപം:
ഷാനു: പറ സാറേ. കേട്ടോ, മറ്റവൻ നമ്മുടെ കൈയിൽ നിന്ന് ചാടിപ്പോയി. അവൻ ഇപ്പോൾ അവിടെ വന്നു കാണും.
പൊലീസ് ഒാഫീസർ: അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.
ഷാനു: ഏ... എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാൻ വേറെ വണ്ടീലാണ് വന്നത്. അതിവന് (അനീഷിന്) അറിയാം. എന്‍റെ ഭാവി തുലക്കാൻ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ വേണം. പിന്നെ സാറിന്... ഒരു റിക്വസ്റ്റാണ്. ഞങ്ങൾ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങൾ പുള്ളിക്കാരനെ സുരക്ഷിതമായി നിങ്ങടെ കൈയിൽ എത്തിച്ചു തരാം.
പിന്നെ വീട്ടിൽ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം കൊടുക്കാം. ഓകെ...
പൊലീസ് ഒാഫീസർ: എന്തോ ടി.വിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും തകർത്തു.
ഷാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോൺടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ.. കൊച്ചിനോടൊന്നു പറഞ്ഞു തിരിച്ചുതരാൻ പറ്റുവാണെങ്കിൽ... തരിക. ഞാൻ കാലു പിടിക്കാം.
പൊലീസ് ഒാഫീസർ: എന്നെ കൊണ്ടാകുന്നതു ഞാൻ ചെയ്തു തരാം, ഷാനു.
ഷാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.
പൊലീസ് ഒാഫീസർ : എന്നെക്കൊണ്ടു പറ്റാവുന്നതു ഞാൻ ചെയ്തുതരാം.
ഷാനു : ഓകെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
