Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവഗിരി, മുത്തങ്ങ...

ശിവഗിരി, മുത്തങ്ങ സംഭവങ്ങളിൽ പഴി തനിക്ക് മാത്രം; മാറാട് അടക്കമുള്ള അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവിടണം -എ.കെ. ആന്‍റണി

text_fields
bookmark_border
ശിവഗിരി, മുത്തങ്ങ സംഭവങ്ങളിൽ പഴി തനിക്ക് മാത്രം; മാറാട് അടക്കമുള്ള അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവിടണം -എ.കെ. ആന്‍റണി
cancel

തിരുവനന്തപുരം: നിയമസഭയിൽ പൊലീസ് അതിക്രമങ്ങളെ കുറിച്ചുള്ള ചർച്ചക്കിടെ എൽ.ഡി.എഫ് എം.എൽ.എമാർ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. 1995ലെ ശിവഗിരിയിൽ നടന്ന പൊലീസ് നടപടി ഏറെ വേദനയുണ്ടാക്കിയെന്നും നാടകീയമായതോ സർക്കാർ ഉണ്ടായതിയതോ അല്ലെന്ന് ആന്‍റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹൈകോടതി ഉത്തരവ് പ്രകാരം അധികാര കൈമാറ്റം നടത്താൻ തയാറാകാത്തവരെ മാത്രം മാറ്റി നിർത്തിയാണ് പ്രകാശാന്ദ വിഭാഗത്തെ ശിവഗിരി ഭരണം ഏൽപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് അതിക്രമങ്ങളെ കുറിച്ച് ഇന്നലെ പ്രതിപക്ഷ നിയമസഭയിൽ കൊണ്ടുന്ന അടിയന്തര പ്രമേയ ചർച്ചക്കിടെ എ.കെ. ആന്‍റണി സർക്കാറിന്‍റെ കാലത്ത് നടന്ന ശിവഗിരി, മുത്തങ്ങ സംഭവങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം എൽ.ഡി.എഫ് അംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്കായിരുന്നു ആന്‍റണിയുടെ മറുപടി.

1995ൽ ശിവഗിരിയിൽ ഉണ്ടായത് തനിക്ക് വ്യക്തിപരമായി ദുഃഖമുണ്ടാക്കിയ സംഭവമാണ്. ഹൈകോടതി ഉത്തരവ് നടപ്പാക്കാൻ വേണ്ടി ശിവഗിരിയിലേക്ക് പൊലീസിനെ അയക്കേണ്ടി വന്നു. ക്രിമിനൽ നടപടി പ്രകാരം തെരഞ്ഞെടുപ്പിൽ വിജയിച്ച സന്യാസിമാർക്ക് അധികാര കൈമാറ്റം നടത്തണമെന്നും അത് പൊലീസീന്‍റെയും സർക്കാറിന്‍റെയും ചുമതലയാണെന്ന് ഹൈകോടതിയാണ് ഉത്തരവിട്ടത്.

ശിവഗിരി ധർമസംഘത്തിലേക്ക് മത്സരത്തിലൂടെയും അല്ലാതെയും തെരഞ്ഞെടുപ്പ് നടക്കാറുണ്ട്. തെരഞ്ഞെടുപ്പിൽ തോറ്റവർ ജയിച്ചവർക്ക് അധികാരം കൈമാറുന്നതായിരുന്നു പാരമ്പര്യം. 1995ൽ തോറ്റവർ ജയിച്ച സ്വാമി പ്രകാശാനന്ദ നേതൃത്വം നൽകുന്ന വിഭാഗത്തിന് അധികാരം കൈമാറാൻ തയാറായില്ല. പ്രകാശാനന്ദ വിഭാഗത്തിന് ഭരണം നൽകിയാൽ മതാതീയ ആത്മീയ കേന്ദ്രമായ ശിവഗിരി കാവിവത്കരിക്കപ്പെടുമെന്നാണ് എതിർ വിഭാഗം പറഞ്ഞത്. പ്രകാശാനന്ദ വിഭാഗം കീഴ്കോടതിയിൽ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. എന്നാൽ, പല തവണ ആമീൻ പോയെങ്കിലും സംഘർഷത്തെ തുടർന്ന് കോടതി ഉത്തരവ് നടപ്പാക്കാൻ സാധിച്ചില്ല. തുടർന്ന് പ്രകാശാനന്ദ വിഭാഗം ഹൈകോടതിയെ സമീപിച്ചു.

ഹൈകോടതി രണ്ട് തവണ ഉത്തരവിട്ടെങ്കിലും വിധി നടപ്പാക്കാൻ സാധിച്ചില്ല. ക്രിമിനൽ നടപടി പ്രകാരം അധികാരം കൈമാറാൻ മൂന്നാം തവണ ഹൈകോടതി നിർദേശിക്കുകയും ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെ എതിർവിഭാഗത്തെ പിന്തിരിപ്പിക്കാനായി കൂടിയാലോചനകൾ നടന്നുവെങ്കിലും അവർ തയാറായില്ല. തുടർന്ന് കൂടിയാലോചിച്ച് ഉദ്യോഗസ്ഥരെ ബലിയാടാക്കേണ്ടെന്ന തിരുമാന പ്രകാരമാണ് ശിവഗിരിയിൽ ഹൈകോടതി വിധി സർക്കാർ നടപ്പാക്കിയതെന്നും ആന്‍റണി വ്യക്തമാക്കി.

21 വർഷം മുമ്പ് നടന്ന മുത്തങ്ങ സംഭവത്തിലും ഖേദമുണ്ടെന്ന് എ.കെ. ആന്‍റണി പറഞ്ഞു. ദേശീയ വന്യജീവി സങ്കേതമായ മുത്തങ്ങയിൽ ആരുടെയോ പ്രേരണയിൽ കുറച്ച് ആദിവാസികൾ കുടിൽ കെട്ടി. എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും മാധ്യമങ്ങളും ആദിവാസികളെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് ആക്ഷൻ കഴിഞ്ഞപ്പോൾ മാധ്യമങ്ങളും ഒരു വിഭാഗം രാഷ്ട്രീയ പാർട്ടികളും നിലപാട് മാറ്റി. മുത്തങ്ങ സംഭവത്തിൽ ഒരു ആദിവാസിയും ഒരു പൊലീസുകാരനും മരിച്ചു.

വന്യജീവി സങ്കേതത്തിൽ നിന്ന് കുടിൽകെട്ടിയ ആദിവാസികളെ ഇറക്കി വിടണമെന്ന് മൂന്നു തവണ കേന്ദ്ര സർക്കാർ കത്തെഴുതി. വന്യജീവി സങ്കേതത്തിൽ കൈയേറ്റം അനുവദിക്കാൻ പാടില്ലെന്ന താക്കീത് വന്ന ശേഷമാണ് മുത്തങ്ങയിൽ പൊലീസ് ആക്ഷൻ ഉണ്ടായത്. ഡൽഹിയിൽ നിന്നും വന്നവരുടെ അഭിപ്രായം കൂടി കണക്കിലെടുത്തു വാജ്പോയ് സർക്കാറിന്‍റെ കാലത്ത് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. മുത്തങ്ങയിലെ പൊലീസ് ആക്ഷനെ കുറിച്ചുള്ള സി.ബി.ഐ അന്വേഷണ റിപ്പോർട്ടിൽ ആരെയാണ് കുറ്റപ്പെടുത്തുന്നതെന്നും ആർക്കെതിരെയാണ് നടപടി വേണ്ടതെന്നും നിലവിലെ സർക്കാറിന്‍റെ കൈയിലുണ്ട്. സി.ബി.ഐ അന്വേഷണ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

തന്‍റെ സർക്കാർ ആദിവാസികളെ ഇറക്കിവിട്ട് 21 വർഷം കഴിഞ്ഞു. തനിക്ക് ശേഷം വന്ന നായനാർ, അച്യുതാനന്ദൻ സർക്കാരുകൾ മുത്തങ്ങയിൽ ആദിവാസികളെ വീണ്ടും താമസിപ്പിക്കാനോ, കുടിൽ കെട്ടാനോ, വനം ഭൂമി കൊടുക്കാനോ ശ്രമിച്ചിട്ടില്ല?. അത് വന്യജീവി സങ്കേതമായതിനാൽ സാധിക്കില്ല. എന്നാൽ, തനിക്ക് മാത്രമാണ് പഴി. കഴിഞ്ഞ 21 വർഷത്തിനിടെ ഒരു ആദിവാസി സംഘടന പോലും മുത്തങ്ങയിൽ കുടിൽകെട്ടൽ സമരത്തിന് പോയിട്ടുണ്ടോ‍?. ഇതാണ് സത്യം. ഈ സത്യം നിലനിൽക്കുമ്പോൾ, 21 വർഷം കഴിഞ്ഞിട്ടും തനിക്കെതിരെ ആരോപണം ആവർത്തിക്കുകയാണ്.

ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് തന്‍റെ സർക്കാരാണ്. എന്നാൽ, ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴി താൻ കേൾക്കേണ്ടി വന്നു. ഈ വിഷയത്തിൽ കാര്യങ്ങൾ പറയാൻ ആരുമില്ല. മുത്തങ്ങ സംഭവത്തിൽ നായനാർ നിയോഗിച്ച കമീഷന്‍റെ റിപ്പോർട്ടും സി.ബി.ഐ അന്വേഷണത്തിന്‍റെ വിശദാംശങ്ങളും പുറത്തുവിടണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

21 വർഷങ്ങൾക്ക് മുമ്പ് കേരള രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയതാണ്. ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോൾ പ്രതികരിക്കണമെന്ന് തോന്നി. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മറുപടി പറയാമെന്നാണ് ആദ്യം കരുതിയത്. ആക്രമണം തുടർന്നതാനാലാണ് ഇപ്പോൾ മറുപടി പറയുന്നതെന്നും ആന്‍റണി വ്യക്തമാക്കി.

മാറാട് കലാപത്തെ കുറിച്ചും ആന്‍റണി പ്രതികരിച്ചു. മാറാട് കലാപത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാറിന്‍റെ കൈയിലുണ്ടെന്നും അത് പുറത്തുവിടണമെന്നും ആന്‍റണി ആവശ്യപ്പെട്ടു. മാറാട് എന്താണ് നടന്നതെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. തന്‍റെ ഭരണകാലത്ത് നടന്ന ഇത്തരം സംഭവങ്ങളിൽ തനിക്ക് ദുഃഖമുണ്ട്. അധികാരത്തിൽ ഇരിക്കുന്ന ഭരണാധികാരിക്ക് കടമകൾ നിർവഹിക്കേണ്ടി വരുമെന്നും പലപ്പോഴും സംഭവങ്ങൾ ഉണ്ടാകുമെന്നും എ.കെ. ആന്‍റണി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK AntonyLDFPinarayi VijayanLatest NewsCongress
News Summary - Police action in Sivagiri caused pain; AK Antony responds to LDF allegations
Next Story