കലോത്സവ വേദിക്ക് മുന്നിൽ അധ്യാപകർക്ക് നേരെ പൊലീസ് നടപടി; പ്രതിഷേധം ഇരമ്പുന്നു
text_fieldsതൃശ്ശൂർ കോർപറേഷൻ ഓഫിസിന് മുമ്പിൽ പ്രതിഷേധിക്കുന്ന അധ്യാപകർ
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ നഗരിക്ക് മുന്നിൽ സമാധാനപരമായി സമരം നടത്തിവന്ന അധ്യാപകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. ഭിന്നശേഷി സംവരണത്തിന്റെ പേരിൽ നിയമന അംഗീകാരം വൈകിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ 25,000-ത്തോളം അധ്യാപകർ കഴിഞ്ഞ നാലു വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സ്ത്രീകളടക്കമുള്ള അധ്യാപകരെ യാതൊരു പരിഗണനയുമില്ലാതെ പൊലീസ് വാഹനത്തിലേക്ക് വലിച്ചിഴച്ച് നീക്കിയത് കലോത്സവ നഗരിയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. കൗമാര കലാമാമാങ്കം നടക്കുമ്പോൾ തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകർ നീതിക്കായി തെരുവിലിറങ്ങേണ്ടി വന്നത് സാംസ്കാരിക കേരളത്തിന് നാണക്കേടാണെന്ന് വിവിധ അധ്യാപക സംഘടനകൾ കുറ്റപ്പെടുത്തി.
ഭിന്നശേഷി നിയമനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സർക്കാർ അധ്യാപകരെ ഇരുട്ടിൽ നിർത്തുകയാണെന്നാണ് സമരക്കാരുടെ പ്രധാന ആക്ഷേപം. ഇതേ വിഷയത്തിൽ എൻ.എസ്.എസ് (N.S.S) മാനേജ്‌മെന്റുകൾക്ക് ലഭിച്ച നിയമപരമായ ആനുകൂല്യങ്ങളും ഇളവുകളും തങ്ങൾക്കും അനുവദിക്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടു.
നാല് വർഷമായി ജോലി ചെയ്തിട്ടും ഒരു രൂപ പോലും പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് പല അധ്യാപക കുടുംബങ്ങളും പട്ടിണിയിലാണെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ച അധ്യാപകർക്കെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ സമരം സംസ്ഥാന വ്യാപകമായി ശക്തമാക്കാനാണ് അധ്യാപക കൂട്ടായ്മയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

