വൈദികർക്കുനേരെ പൊലീസ് നടപടി: രണ്ടാംദിനവും പ്രതിഷേധം
text_fieldsഎറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെ പൊലീസ് മർദിച്ചതിനെതിരെ നടന്ന പ്രതിഷേധയോഗത്തിനു ശേഷം പള്ളിക്ക് പുറത്ത് കുർബാന കൂടുന്ന വിശ്വാസികൾ
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനമായ സെൻറ് മേരീസ് ബസലിക്കയിൽ വൈദികർക്കുനേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ ഞായറാഴ്ചയും പ്രതിഷേധം തുടർന്നു. രാവിലെ മുതൽ ബസിലിക്കയിൽ വിശ്വാസികളും അൽമായരും അതിരൂപത വൈദികരുമുണ്ടായിരുന്നു. വൈകീട്ട് മൂന്നോടെ നൂറുകണക്കിനാളുകൾ അണിനിരന്ന പ്രതിഷേധ റാലിയും പൊതുസമ്മേളനവും അരങ്ങേറി. ശനിയാഴ്ച അതിരൂപത ആസ്ഥാനത്ത് സമാധാനപരമായി പ്രാർഥന സത്യഗ്രഹം നടത്തിക്കൊണ്ടിരുന്ന 21 വൈദികരെ മർദിക്കുകയും വലിച്ചിഴച്ച് ബസിലിക്ക അങ്കണത്തിലേക്ക് കൊണ്ടുവരുകയും ചെയ്ത പൊലീസ് നടപടിക്കെതിരെയാണ് ഞായറാഴ്ച വിശ്വാസികൾ പ്രതിഷേധിച്ചത്. പൊതുസമ്മേളനത്തിൽ ബിഷപ് ഹൗസ് അങ്കണത്തിൽ നൂറോളം വൈദികർ ജനാഭിമുഖമായി കുർബാന അർപ്പിച്ചു. നമ്മൾ ഒറ്റക്കല്ല, ഒറ്റക്കെട്ടാണ് എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം.
എറണാകുളം അതിരൂപത വൈദികരെ മർദിക്കുന്നതിന് നേതൃത്വം നൽകിയ എ.സി.പി ജയകുമാറിനെ സർക്കാർ ഉടൻ പ്രോസിക്യൂട്ട് ചെയ്യണമെന്നും വൈദികന്റെ തിരുവസ്ത്രം വലിച്ചുകീറിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടണമെന്നും പ്രതിഷേധ സമ്മേളനം ആവശ്യപ്പെട്ടു. എറണാകുളം അതിരൂപതയിൽ നടക്കുന്ന മുഴുവൻ പ്രശ്നങ്ങൾക്കും നേതൃത്വം നൽകുന്ന കൂരിയ അംഗങ്ങളായ ഫാ. ജോഷി പുതുവ, ഫാ. ജേക്കബ് പാലക്കാപ്പിള്ളി, ഫാ. സൈമൺ പള്ളുപ്പേട്ട, ഫാ. ജിസ്മോൻ ആരമ്പിള്ളി എന്നിവരെ പുറത്താക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.
വൈദിക സമിതി സെക്രട്ടറി ഫാ. കുരിയാക്കോസ് മുണ്ടാടൻ, അൽമായ മുന്നേറ്റം പ്രസിഡന്റ് ഷൈജു ആന്റണി, ഗ്രേസ് ജോർജ്, റിജു കാഞ്ഞൂക്കാരൻ, തങ്കച്ചൻ പേരയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

