തുടർച്ചയായി 24 മണിക്കൂർ ഡ്യൂട്ടി, ജയിൽവകുപ്പിൽ വിചിത്ര നടപടി
text_fieldsതിരുവനന്തപുരം: തുടർച്ചയായി 24 മണിക്കൂർ ഡ്യൂട്ടിയെന്ന വിചിത്ര നടപടിയുമായി ജയിൽ വകുപ്പ്. ഇന്നലെ മുതലാണ് സംസ്ഥാനത്തെ ജയിലുകളിലെ എക്സിക്യൂട്ടിവ് വിഭാഗം ജീവനക്കാർക്ക് തുടർച്ചയായി 24 മണിക്കൂർ ഡ്യൂട്ടി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിത്തുടങ്ങിയത്. ഇതിനായി ജീവനക്കാരിൽനിന്ന് സമ്മതപത്രവും എഴുതി വാങ്ങുന്നുണ്ട്. 24 മണിക്കൂർ ഡ്യൂട്ടി ചെയ്യുന്നത് ജാഗ്രതക്കുറവിന് കാരണമാകില്ലെന്നും ജീവനക്കാർ സമ്മതപത്രത്തിൽ വ്യക്തമാക്കണം.
ജീവനക്കാരുടെ അഭാവമുള്ളതിനാൽ നിലവിൽ പല ജയിലുകളിലും ജീവനക്കാർ 24 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യുന്നുണ്ട്. പകരമായി പിറ്റേ ദിവസം കോമ്പൻസേഷൻ ഒാഫും ലഭിക്കുമായിരുന്നു. എന്നാൽ, ആ ആനുകൂല്യങ്ങൾ ഉൾപ്പെടെ ഇല്ലാതാക്കിയാണ് പുതിയ സമയക്രമം. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് പിറ്റേദിവസം രാവിലെ ഒമ്പത് വരെയാണ് പുതിയ സർക്കുലർ പ്രകാരം ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത്. തുടർച്ചയായി 24 മണിക്കൂർ ഡ്യൂട്ടി ജീവനക്കാരിൽ കടുത്ത മാനസിക സമ്മർദമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
24 മണിക്കൂറും ഡ്യൂട്ടിയിലാണെന്ന് വിവക്ഷിക്കപ്പെടുന്ന ജീവനക്കാർക്ക് നൈറ്റ് റൗണ്ടിന് പകരമായി കോമ്പൻേസഷൻ ഡ്യൂട്ടി ലീവ് എടുക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഇൗ 24 മണിക്കൂർ ഡ്യൂട്ടി രണ്ട് ഡ്യൂട്ടിയായാണ് കണക്കാക്കുക. അത്തരത്തിൽ ആറ് ഡ്യൂട്ടി ചെയ്തതിന് ശേഷമായിരിക്കും വീക്കിലി ഒാഫിന് അർഹത ലഭിക്കുകയെന്നും സർക്കുലറിൽ വ്യക്തമാക്കി. ഫലത്തിൽ തൊഴിൽനിയമത്തിൽ പറയുന്ന വ്യവസ്ഥ അപ്പാടെ ജയിൽ ജീവനക്കാർക്ക് നഷ്ടപ്പെടുന്നെന്നാണ് ഇൗ സർക്കുലറിലൂടെ വ്യക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
