പാക് ക്രിക്കറ്റ് താരങ്ങളോടുള്ള ഇഷ്ടം പ്രമേയമാക്കി കവിത: യുവ കവിക്കെതിരെ സംഘ്പരിവാർ സൈബറാക്രമണം
text_fieldsപാക് ക്രിക്കറ്റ് താരങ്ങളോടുള്ള ഇഷ്ടം പ്രമേയമാക്കി കവിതയെഴുതിയ യുവ കവിക്കെതിരെ സംഘ്പരിവാർ സൈബറാക്രമണം. മാധ്യമം ആഴ്ചപ്പതിപ്പിൽ 2022 ഫെബ്രുവരി 28-മാർച്ച് 7 ലക്കത്തിൽ പ്രസിദ്ധീകരിച്ച 'പറമ്പ്' എന്ന കവിതയുടെ പേരിലാണ് പു.ക.സ തിരുവനന്തപുരം ജില്ല ജോയന്റ് സെക്രട്ടറി കൂടിയായ കവി എസ്. രാഹുലിനെതിരെ സൈബറാക്രമണവും ഭീഷണിയും തുടരുന്നത്.
മാസ് റിപ്പോർട്ടിങ്ങിലൂടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കുകയും കവിത പോസ്റ്റ് ചെയ്തതിന് താഴെ തെറിവിളിയുമായി രംഗത്തെത്തുകയും ചെയ്തു. കവിത രാജ്യവിരുദ്ധമാണെന്നാണ് ഇവരുടെ ആക്ഷേപം. കളിക്കാരെ സ്‌നേഹിക്കുന്നത് എങ്ങനെ രാജ്യവിരുദ്ധ പ്രവർത്തനമാകുമെന്നാണ് രാഹുൽ ചോദിക്കുന്നത്. സൈബറാക്രമണം രൂക്ഷമായതോടെ രാഹുലിന് പിന്തുണയുമായി സാംസ്‌കാരിക പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്.
'പറമ്പ്' എന്ന കവിത പ്രസിദ്ധീകരിച്ച ശേഷം ധാരാളം തെറിവിളികളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നെന്നും ഫേസ്ബുക്ക് പേജ് മാസ് റിപ്പോർട്ട് അടിച്ച് പൂട്ടിച്ചിരുന്നെന്നും കവി പറഞ്ഞു. പല തവണ അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമമുണ്ടായെങ്കിലും ടു ഫാക്ടർ ഓതന്റിക്കേഷൻ അടക്കം ആക്റ്റീവ് ആയതിനാൽ നടന്നില്ല.
സംഘ്പരിവാറിൽ നിന്ന് ജനാധിപത്യത്തിന്റെ ഒരു ചെറുകണികപോലും പ്രതീക്ഷിക്കുന്നില്ല. സംഘപരിവാറിനോട് കോംപ്രമൈസ് ചെയ്തുകൊണ്ട് ഒന്നിനും തയാറുമല്ല. ഫേസ്ബുക്ക് പൂട്ടിപ്പോയാലും ഞങ്ങൾക്ക് തെരുവുകളുണ്ട്. അവിടെ കൂടുതൽ കരുത്തോടെ പോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.