ഏഴുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 13,232 പോക്സോ കേസുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആറുവയസ്സിന് താഴെയുള്ള കുട്ടികൾെക്കതിരെ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 2018 ജനുവരി മുതൽ കഴിഞ്ഞ മാർച്ച് 31 വരെ ശിശുപീഡനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 142 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്താണ് -28. തിരുവനന്തപുരം സിറ്റിയിൽ 16ഉം റൂറലിൽ 12 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊട്ടുപുറകിൽ കോഴിക്കോടും (17) കൊല്ലവുമാണ് (16). മലപ്പുറം, എറണാകുളം -15, കണ്ണൂർ -13ഉം കേസുകളാണുണ്ടായത്. കാസർകോട് ജില്ലയിലാണ് ഏറ്റവുംകുറവ് -ഒന്ന്. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
പോക്സോ നിയമം കൂടുതൽ ശക്തമാക്കുമ്പോഴും സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളുടെ എണ്ണത്തിൽ രണ്ടിരട്ടി വർധനയാണ് ഉണ്ടായിട്ടുള്ളത്. 10-16 വയസ്സിനിടയിൽപെട്ട കുട്ടികളാണ് പീഡനത്തിന് ഇരയാകുന്നവരിൽ ഭൂരിഭാഗവും. പിതാവിൽനിന്നും അടുത്ത ബന്ധുക്കളിൽ നിന്നുമാണ് കൂടുതൽ പീഡനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2015ൽ 1583 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ 2018 ഡിസംബർ ആയപ്പോഴേക്കും 3179 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഈ വർഷം ഏപ്രിൽ വരെ 1156 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2012 ജൂൺ 19നാണ് കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കുന്ന നിയമം (പോക്സോ) രാജ്യത്ത് നിലവിൽ വന്നത്. നിയമം നിലവിൽ വന്ന് ഏഴുവർഷം പിന്നിട്ടുമ്പോൾ കേരളത്തിൽ മാത്രം 13,232 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്.
എന്നാൽ ക്രൂരപീഡനം ഏൽക്കേണ്ടിവരുന്ന കുഞ്ഞുങ്ങള്‍ നീതിനിഷേധംകൂടി സഹിക്കേണ്ട അവസ്ഥയിലാണ്. കുട്ടികൾക്കുനേരെയുള്ള കുറ്റകൃത്യങ്ങളിൽ കേരളത്തിൽ ശിക്ഷിക്കപ്പെടുന്നത് 16.7 ശതമാനം പേർ മാത്രമാണെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയതലത്തിൽ ശിക്ഷിക്കപ്പെടുന്നതാകട്ടെ 30.7 ശതമാനവും. പോക്സോ കേസുകളിൽ ഒരുവർഷത്തിനുള്ളിൽ തീർപ്പുണ്ടാകണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍പോലും കേരളത്തിലെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. 1370 കേസുകളില്‍ ഒന്നില്‍പോലും ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല. പോക്സോ നിയമം നിലവിൽവന്നപ്പോൾ എല്ലാ ജില്ലയിലും പോക്സോ കേസുകൾ കൈകാര്യം ചെയ്യാൻ മാത്രമായി കോടതികൾ സ്ഥാപിക്കാൻ നിർദേശമുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ഇവയുള്ളത്. മറ്റിടങ്ങളിൽ അഡീഷനൽ ജില്ല ജഡ്ജിക്കാണ് ചുമതല. മറ്റ് കേസുകൾക്കൊപ്പം പോക്സോ കേസുകളും കൈകാര്യം ചെയ്യേണ്ടിവരുന്നതിനാലാണ് സമയബന്ധിതമായി കേസുകൾ കഴിയാത്തതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
