പോക്സോ കേസ്: ഊർക്കടവിലെ കരാട്ടെ പരിശീലകന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി
text_fieldsമഞ്ചേരി: ചാലിയാർ പുഴയിൽ 17കാരിയെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതടക്കമുള്ള കേസുകളിലെ പ്രതിയായ കരാട്ടെ അധ്യാപകന്‍റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷൽ കോടതി തള്ളി. വാഴക്കാട് ഊർക്കടവ് വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലിയുടെ (48) ജാമ്യാപേക്ഷയാണ് ജഡ്ജി എ.എം. അഷ്‌റഫ് തള്ളിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കരാട്ടെ ക്ലാസിന്‍റെ മറവിൽ വർഷങ്ങളായി ലൈംഗികപീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. മരിച്ച 17കാരി ഇയാൾക്കെതിരെ പോക്സോ പരാതിയുമായി മുന്നോട്ടുപോകവെ കുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതി റിമാൻഡിലായതോടെ മറ്റു കുട്ടികളും പരാതിയുമായി മുന്നോട്ടുവന്നു. പെൺകുട്ടി മരിച്ച കേസിൽ ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിനുശേഷം രജിസ്റ്റർ ചെയ്ത മറ്റു രണ്ട് പോക്സോ കേസുകളിലാണ് പ്രതി റിമാൻഡിൽ കഴിയുന്നത്. 14 മാസമായി ഇയാൾ ജയിലിലാണ്. ഈ കേസിന്‍റെ വിചാരണ അന്തിമഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് പ്രതി വീണ്ടും ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയും ഹൈകോടതിയും പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
പ്രതിക്ക് ജാമ്യംനൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരെ സ്വാധീനിക്കാൻ കാരണമായേക്കുമെന്നും പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. നിരവധി പരാതികൾ ഉയർന്ന സാഹചര്യം കണക്കിലെടുത്ത് ജില്ല ഭരണകൂടം ഇയാൾക്കെതിരെ കാപ്പ ചുമത്തി വിയ്യൂർ അതിസുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നു. 17കാരി മരിച്ച കേസിൽ പോക്സോ കുറ്റപത്രം ക്രൈംബ്രാഞ്ച് മഞ്ചേരി പോക്സോ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എ. സോമസുന്ദരൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

