പോക്സോ കേസ് അട്ടിമറി: ഡിവൈ.എസ്.പിക്ക് ഉൾപ്പെടെ സസ്പെൻഷൻ
text_fieldsകോന്നി: പോക്സോ പ്രകാരം കേസെടുക്കേണ്ട സംഭവത്തിൽ എഫ്.ഐ.ആർ നമ്പർ രജിസ്റ്റർ ചെയ്യാതെ സിറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കൃത്യവിലോപം കാട്ടിയതിന് കോന്നി എസ്.എച്ച്.ഒ പി. ശ്രീജിത്തിനെയും മേൽനോട്ട ചുമതലയുള്ള കോന്നി ഡിവൈ.എസ്.പി രാജപ്പൻ റാവുത്തറെയും ഡി.ജി.പിയുടെ ശിപാർശ പ്രകാരം സസ്പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ്.പി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
2024 ആഗസ്റ്റിൽ നടന്ന പോക്സോ കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഹൈകോടതി അഭിഭാഷകൻ നൗഷാദിനെതിരെ കേസ് രജിസ്റ്റർ ചെയ്യാതെ ആറന്മുള പൊലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്യുകയായിരുന്നു. പീഡനത്തിന് ഇരയായ പതിനേഴുകാരിയുടെ മാതാപിതാക്കളുടെ വിവാഹമോചനം സംബന്ധിച്ച് കേസുകൾ കൈകാര്യം ചെയ്തത് ഈ അഭിഭാഷകനാണ്. പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയുടെ സഹായത്തോടെ കുമ്പഴ, പത്തനംതിട്ട, ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളിലെ ഹോട്ടൽമുറികളിൽ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത്. അതിജീവിതയുടെ പിതാവ് കോന്നി പൊലീസിൽ പരാതി നൽകിയെങ്കിലും എസ്.എച്ച്.ഒ ശ്രീജിത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തയാറായില്ല.
പിന്നീട് പെൺകുട്ടി സി.ഡബ്ല്യു.സിയുടെ ഹെൽപ്‌ലൈൻ നമ്പറിൽ നേരിട്ട് വിളിച്ചുപറഞ്ഞതോടെ സംഭവത്തിന്‍റെ ഗതി മാറുകയായിരുന്നു. തുടർന്ന് ശിശുക്ഷേമ സമിതി കുട്ടിയെ ഏറ്റെടുത്ത് ഡിസംബറിൽ കൗൺസലിങ്ങിന് വിധേയമാക്കി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കേസ് സിറോ നമ്പറിട്ട് ആറന്മുള പൊലീസിന് കൈമാറുകയായിരുന്നു.
കസ്റ്റഡി മർദനം: സി.ഐക്ക് സസ്പെൻഷൻ
പത്തനംതിട്ട: കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ മരിച്ച സംഭവത്തിൽ കോയിപ്രം സി.ഐ ജി. സുരേഷ് കുമാറിന് സസ്പെൻഷൻ. മരിച്ച സുരേഷിന് കസ്റ്റഡിയിൽ മർദനമേറ്റെന്ന കണ്ടെത്തലിലാണ് ഡി.ഐ.ജിയുടെ നടപടി. കഞ്ചാവ് ബീഡി വലിച്ച കേസിൽ കസ്റ്റഡിയിലെടുത്ത സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

