പോക്സോ കേസ്: റിമാൻഡിലായ വ്യവസായി ആശുപത്രിയിൽ
text_fieldsതലശ്ശേരി: 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തലശ്ശേരി കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ച വ്യവസായിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി കുയ്യാലി ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ദീനെയാണ് (68) പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഉന്നത സ്വാധീനം ഉപയോഗിച്ചാണ് പോക്സോ കേസ് പ്രതി ആശുപത്രിവാസം തരപ്പെടുത്തിയതെന്ന് ആരോപണമുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ധർമടം പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽ കരീമിെൻറ നേതൃത്വത്തിലായിരുന്നു നടപടി. പൊലീസ് വീട് വളഞ്ഞാണ് പിടികൂടിയത്. പൊലീസ് നടപടികൾക്ക് വഴങ്ങാതെ പ്രതി ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും ഗേറ്റിൽവെച്ച് വാക്കേറ്റവും ഉണ്ടായി. പൊലീസ് സ്വരം കടുപ്പിച്ചപ്പോഴാണ് അനുസരിച്ചത്. ഇരയായ പെൺകുട്ടിയുടെ മൊഴിപ്രകാരം ആളെ സ്ഥിരീകരിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വൈദ്യപരിശോധനക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ഓൺലൈനിലാണ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനാൽ പിന്നീട് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പോക്സോ, തട്ടിക്കൊണ്ടുപോകൽ, മാനഹാനി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. അതിനിടെ കേസിലെ മറ്റൊരു പ്രതിയായ പെൺകുട്ടിയുടെ ബന്ധുവും റിമാൻഡിലാണ്.
കതിരൂർ പൊലീസാണ് 38കാരനായ ബന്ധുവിനെ അറസ്റ്റ് ചെയ്തത്. മുഴപ്പിലങ്ങാടാണ് താമസം. കതിരൂരിലെ വീട്ടിൽവെച്ച് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതായും കേസുണ്ട്. ഇയാളുടെ ഭാര്യയും കേസിൽ പ്രതിയാണ്. ഇവരെ പിടികിട്ടിയിട്ടില്ല. ഇവർ രണ്ടുപേരും ചേർന്നാണ് പെൺകുട്ടിയെ ഷറഫുദ്ദീെൻറ വീട്ടിലെത്തിച്ചത്. ബന്ധുവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് ധർമടം പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

