തിരുവനന്തപുരം: കോവിഡ് കാലത്തെ വിദ്യാർഥികളുടെ മാനസികാരോഗ്യം സംബന്ധിച്ച് വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപകർക്ക് ക്ലാസെടുക്കാൻ പോക്സോ കേസിൽ വിചാരണ നേരിടുന്നയാൾ. കൗണ്‍സലിങ്ങിനെത്തിയ രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുന്ന ഡോ. കെ. ഗിരീഷാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം സംഘടിപ്പിച്ച വെബിനാറിൽ ക്ലാസെടുത്തത്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റെന്ന നിലയിലാണ് വൊക്കേഷനൽ ഹയർ സെക്കൻഡറിയുടെ കരിയർ ഗൈഡൻസ് ആൻഡ് കൗണ്‍സലിങ് സെല്ലിെൻറ നേതൃത്വത്തിൽ ലയൺസ് ക്ലബുമായി ചേർന്ന് ചൊവ്വാഴ്ച വെബിനാർ നടത്തിയത്. സംസ്ഥാനത്തെ 389 സ്കൂളുകളിലെ കരിയർ മാസ്റ്റർമാർക്കായാണ് ഗിരീഷ് ക്ലാസെടുത്തത്. ലയൺസ് ക്ലബിെൻറ യുവജനവിഭാഗം കോഒാഡിനേറ്ററെന്ന നിലയിലാണ് ഗിരീഷ് പങ്കെടുത്തത്. പോക്സോ കേസിൽ പ്രതിയായിട്ടും തിരുവനന്തപുരം ഫോർട്ട് പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്യാതിരുന്നത് ഏറെ വിവാദമായിരുന്നു. മാസങ്ങളോളം ഒളിവിലായിരുന്ന ഗിരീഷിെൻറ അറസ്റ്റ് പ്രതിഷേധം ഉയർന്നതോടെയാണ് രേഖപ്പെടുത്തിയത്.
രണ്ടു കേസുകളിൽ തിരുവനന്തപുരം പോക്സോ കോടതിയിൽ വിചാരണ നേരിടുന്നുണ്ട്. ഗിരീഷ് റിമാൻഡിൽ കഴിഞ്ഞ തിരുവനന്തപുരം ജില്ല ജയിലിൽ തടവുകാർക്ക് ക്ലാസെടുക്കാൻ ലയൺസ് ക്ലബിെൻറ പേരിൽ ഗിരീഷ് നേരത്തെ എത്തിയതും വിവാദമായിരുന്നു.
കേസ് സംബന്ധിച്ച് അറിവില്ലായിരുന്നെന്നാണ് വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിെൻറ വിശദീകരണം.