അമ്മയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ പോക്സോ കേസ് പ്രതിക്ക് ഇടക്കാല ജാമ്യം
text_fieldsകൊച്ചി: 20 വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പോക്സോ കേസ് പ്രതിക്ക് അമ്മയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം ആണ്ടൂർ സ്വദേശിയായ 46കാരനാണ് ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ജസ്റ്റിസ് പി. ഗോപിനാഥ് 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജയിൽ അധികൃതർ അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
2022ൽ 10 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളെ ശിക്ഷിച്ചത്. ആരോപണം വ്യാജമാണെന്നും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീൽ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. ഇടക്കാല ജാമ്യം നൽകുന്നതിനെ സർക്കാർ എതിർക്കാതിരുന്നതടക്കം പരിഗണിച്ചാണ് ശനിയാഴ്ച മുതൽ (ഇന്ന്) മുതൽ പത്തുദിവസത്തേക്ക് ജാമ്യം അനുവദിച്ചത്.
ഓക്ടോബർ 13ന് വൈകുന്നേരത്തോടെ ജയിലിൽ തിരിച്ചെത്തണമെന്നാണ് നിർദേശം. 50,000 രൂപയുടെ സ്വന്തവും തത്തുല്യ തുകക്കുള്ള മറ്റ് രണ്ട് പേരുടേയും ബോണ്ട് കെട്ടിവെക്കണമെന്നതാണ് മുഖ്യ വ്യവസ്ഥ. ഇരയുമായോ ബന്ധുക്കളുമായോ ഇടപെടരുതെന്നും സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

