
അതിശക്ത മഴ; പമ്പ ഡാം തുറന്നു-ചിത്രങ്ങളും വിഡിയോയും
text_fieldsപത്തനംതിട്ട: അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പമ്പ ഡാമിൻെറ രണ്ടു ഷട്ടറുകൾ ഉയർത്തി. പുറത്തുവിടുന്ന വെള്ളം പമ്പാ നദിയിലേക്ക് ആകും ഒഴുകുക. ഈ വെള്ളം റാന്നി പ്രദേശത്ത് എത്താന്‍ ആവശ്യമായ സമയം ഏകദേശം അഞ്ചു മണിക്കൂറാണ്. ഈ സമയം നദിയിലെ ജലനിരപ്പ് 40 സെൻറിമീറ്റർ ഉയരും.
അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളെയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയാതായി കലക്ടർ അറിയിച്ചു. റാന്നി, കോഴഞ്ചേരി, ആറന്മുള പ്രദേശവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്താനും നിർദേശം നൽകി.
ഞായറാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. റെഡ് അലർട്ട് നൽകാതെ ഡാമിെൻറ ആറു ഷട്ടറുകള്‍ 60 സെൻറി മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയായി. ജലനിരപ്പ് അനുസരിച്ച് രണ്ടു ഷട്ടറുകൾ വീതമാണ് തുറക്കുക.
പമ്പ ഡാമിലെ ജലനിരപ്പ് രാവിലെ ഏഴ് മണിയുടെയും എട്ട് മണിയുടെയും റീഡിങ് പ്രകാരം 983.45 മീറ്ററിൽ സ്ഥിരമായി നിൽക്കുകയാണ്.