സാദിഖലി തങ്ങൾക്കെതിരെ വ്യാജ ആരോപണം: ഏത് രീതിയിൽ കൈകാര്യം ചെയ്യണമെന്ന് മുസ്ലിം ലീഗിന് അറിയാം -പി.എം.എ. സലാം
text_fieldsപി.എം.എ. സലാം
മലപ്പുറം: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിൽ വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം. വ്യാജ ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് സാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരെ വന്ന പോസ്റ്റിനെ ഏത് രീതിയിൽ കൈകാര്യം ചെയ്യണമെന്ന് മുസ്ലിം ലീഗിന് അറിയാമെന്ന് അദ്ദേഹം പറഞ്ഞു.
‘തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ മുസ്ലിം ലീഗിനെയും യുഡിഎഫിനേയും രാഷ്ട്രീയമായി നേരിടലാണ് മാന്യത. വ്യാജ എഫ് ബി അക്കൗണ്ടിൽ നിന്ന് ആദരണീയനായ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരെ വന്ന പോസ്റ്റിനെ ഏത് രീതിയിൽ കൈകാര്യം ചെയ്യണമെന്ന് മുസ്ലിം ലീഗിന് അറിയാം.
ഇതിന് പുറകിലുള്ള ദുഷ്ട ശക്തികളെ ഉടൻ പിടികൂടാൻ ആവശ്യമായ നടപടികൾ അടിയന്തരമായി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വ്യാജ പ്രചാരണത്തിലും തളരില്ല. എല്ലാ ഗൂഡാലോചനകളെയും മറികടക്കുവാൻ ഞങ്ങൾ സജ്ജമാണ്’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ ലൈംഗിക ആരോപണം ഉന്നയിച്ചയാൾക്കെതിരെ മുസ്‍ലിം ലീഗ് പൊലീസിൽ പരാതി നൽകിയതായി പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു. സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ‘സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാർട്ടി നിയമപരമായി നേരിടുക തന്നെ ചെയ്യും. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുത്’ -അദ്ദേഹം അറിയിച്ചു. ഇതിനുപിന്നാലെ, ആരോപണം പോസ്റ്റ് ചെയ്തയാൾ അത് പിൻവലിച്ചു. ഫേസ്ബുക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

