ഹരിത-എം.എസ്.എഫ് വിവാദ വിഷയത്തിൽ മുതിർന്ന നേതാവ് ഇ. ടി മുഹമ്മദിന്റെ ശബ്ദരേഖ വർഷങ്ങൾക്ക് മുമ്പ് നടന്ന സ്വകാര്യ സംഭാഷണമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഹരിത - എം.എസ്.എഫ് വിവാദം നേരത്തെ അവസാനിപ്പിച്ചതാണ്. നേരത്തെയുണ്ടായ സ്വകാര്യ സംഭാഷണം പുറത്ത് വിട്ട് അവഹേളിക്കുന്നത് മാന്യതയല്ലെന്നും സലാം പറഞ്ഞു.
മുസ്‍ലിം ലീഗിന്റെ വനിതാ വിദ്യാർഥതി വിഭാഗമായ ഹരിതയും എം.എസ്.എഫും തമ്മിലുള്ള തർക്കത്തിൽ മുതിർന്ന നേതാവ് ഇ. ടി മുഹമ്മദ് ബഷീർ അഭിപ്രായം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഒരു വിഭാഗത്തിനെതിരെ മാത്രം നടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി. കെ നവാസിനെതിരെയും നടപടി വേണ്ടതായിരുന്നു. ഇക്കാര്യത്തിൽ പാർട്ടിയോട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും ഇ.ടി ഫോൺ സംഭാഷണത്തിൽ പറയുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ ഇ. ടി തയ്യാറായിട്ടില്ല. ശബ്ദ സന്ദേശം എപ്പോൾ, ആരോടാണ് സംസാരിച്ചെതെന്ന കാര്യം തനിക്കറിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പാർട്ടി യോഗത്തിൽ വനിത നേതാക്കൾക്കെതിരെ പി.കെ നിയാസ് അപമാനിക്കുന്ന തരത്തിൽ സംസാരിച്ചതിന് ഹരിത പ്രതിനിധികൾ വനിതാ കമീഷന് പരാതി നൽകിയിരുന്നു.
തുടർന്ന് ലീഗിൽ വിഷയം വൻവിവാദമാകുകയും ഹരിത ഭാരവാഹികൾക്കെതിരെ ഏകപക്ഷീയ തീരുമാനം കൈക്കൊള്ളുകയും ചെയ്തിരുന്നു. ഇതിനെതിരെ ലീഗിലെ തന്നെ ഒരു വിഭാഗം മുതിർന്ന നേതാക്കൾക്ക് അമർഷം ഉണ്ടായിരുന്നു. അത് വ്യക്തമാക്കുന്നതാണ് ഇ.ടിയുടെ ശബ്ദരേഖ. മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷനായ സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റയുടൻ മാറ്റിനിർത്തിയ ഹരിത നേതാക്കളുടെ വിഷയത്തിൽ അനുഭാവപൂർണമായ ഇടപെടൽ ഉണ്ടാകും എന്ന് പറഞ്ഞിരുന്നെങ്കിലും പരിഹാരം ആയിട്ടില്ല.