സി. ദാവൂദിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കണം -പി.എം.എ സലാം
text_fieldsകോഴിക്കോട്: മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ജനാധിപത്യപരമായ രീതിയിൽ സമാധാനപരമായി കൈകാര്യം ചെയ്യലാണ് സംസ്കാരമുള്ള മനുഷ്യർക്ക് യോജിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭരണത്തിന്റെ തണലിൽ ആളുകളെ കായികപരമായി നേരിടുന്നത് സംസ്കാരത്തിന് യോജിച്ചതല്ല. ഇത് ക്രമസമാധാനം തകർക്കും. അഭിപ്രായം വ്യത്യാസമുള്ള ആളുകളെ മുഴുവൻ തല്ലാനും കൊല്ലാനും നടക്കാൻ പറ്റില്ല. ജനാധിപത്യ സംവിധാനത്തിൽ അത് ഭൂഷണമല്ല. സമാധാനന്തരീക്ഷം തകർക്കുന്നു എന്ന് കാണിച്ച് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭീഷണിപ്പെടുത്തി ഇല്ലാതാക്കി എത്രകാലം മുന്നോട്ട് പോകാനാകും? -കെ.കെ. രമ
വിമർശിക്കുന്നവരെ ടി.പി ചന്ദ്രശേഖരനെ പോലെ നേരിടാനാണ് സി.പി.എം നീക്കമെന്നും മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദിനെതിരായ കൈവെട്ട് ഭീഷണിയിൽ സി.പി.എം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കെ.കെ. രമ എം.എൽ.എ പറഞ്ഞു. മറ്റൊരാൾ പറയുന്ന വിയോജിപ്പ് കൂടി രേഖപ്പെടുത്താനുള്ളതാണ് ജനാധിപത്യം. ഭീഷണിപ്പെടുത്തി ഇല്ലാതാക്കി എത്രകാലം പാർട്ടിക്ക് മുന്നോട്ട് പോകാനാകുമെന്നും രമ ചോദിച്ചു.
സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുക്കണം -വെൽഫെയർ പാർട്ടി
വണ്ടൂരിൽ സി.പി.എം നടത്തിയ കൊലവിളി ഞെട്ടിപ്പിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് മേലുള്ള കൈയേറ്റമാണിത്. കൈവെട്ട് കൊലവിളിയെ ശക്തമായി അപലപിക്കുന്നു. സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

