പി.എം വിശ്വകർമ: പരമ്പരാഗത കരകൗശല തൊഴിലാളികളെ പിന്തുണക്കാനും സംരക്ഷിക്കാനുമെന്ന് എസ്.ജയശങ്കർ
text_fieldsതിരുവനന്തപുരം: പരമ്പരാഗത കരകൗശല പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് പിന്തുണ നൽകുന്നതിൽ പി.എം വിശ്വകർമ്മ പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കർ. തിരുവനന്തപുരത്ത് നടന്ന 'പിഎം വിശ്വകർമ' പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിൽ വിശ്വകർമജർ തങ്ങളുടെ കരകൗശല വിദ്യകളിലൂടെ തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പരമ്പരാഗത കരകൗശലത്തൊഴിലാളികൾക്ക് വിപണിയിൽ പോകാനും അവരുടെ ഉത്പന്നങ്ങളെ വ്യാപിപ്പിക്കാനും വിശ്വകർമ പദ്ധതി സഹായിക്കും. ജനങ്ങളുടെ മനസ് മനസിലാക്കാനും കരകൗശല ഉത്പന്നങ്ങൾ നിർമിക്കാനുമുള്ള പരമ്പരാഗത കരകൗശല വിദഗ്ധരുടെ കഠിനാധ്വാനം, അർപ്പണബോധം, കഴിവ് എന്നിവയെ മന്ത്രി പ്രശംസിച്ചു.
പി.എം വിശ്വകർമ പദ്ധതി വിശ്വകർമജർക്ക് ധനസഹായം നൽകുക മാത്രമല്ല പരിശീലനം, വിപണി സാധ്യതകൾ തുടങ്ങിയവയും പ്രദാനം ചെയ്യും. 'വോക്കൽ ഫോർ ലോക്കൽ', 'ഒരു ജില്ല ഒരു ഉത്പന്നം,' 'മേക്ക് ഇൻ ഇന്ത്യ' തുടങ്ങിയവ പി.എം വിശ്വാകർമ പദ്ധതിയുടെ പ്രധാന ഘടകങ്ങളാണ്. ജി 20 യുടെ ഭാഗമായി നടന്ന കരകൗശല പ്രദർശനത്തിൽ ഇന്ത്യയുടെ പുരാതന സംസ്കാരം ലോക നേതാക്കൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ഇത് രാജ്യത്തെ ടൂറിസം മേഖലക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേ മന്ത്രാലയവും കേന്ദ്ര എംഎസ്എംഇ മന്ത്രാലയവും ചേര്ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ന്യുഡൽഹിയിലെ ദ്വാരക യശോഭൂമിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ച വിശ്വകർമ പദ്ധതിയുടെ ഉദ്ഘാടനചടങ്ങ് പരിപാടിയിൽ തത്സമയം പ്രക്ഷേപണം ചെയ്തു. ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ എസ്.എം ശർമ്മ, തിരുവനന്തപുരം കലക്ടർ ജെറോമിക് ജോർജ് തുടങ്ങിയവരും പങ്കെടുത്തു. ലക്ഷദ്വീപിലും കൊച്ചിയിലും നടന്ന പ്രധാനമന്ത്രി വിശ്വകർമ്മ പരിപാടികളിൽ കേന്ദ്ര സഹമന്ത്രി ദർശന ജാർദോഷും കയർ ബോർഡ് ചെയർമാൻ കുപ്പു രാമു മുഖ്യാതിഥികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

