Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എം ശ്രീ: കഴുത്തും...

പി.എം ശ്രീ: കഴുത്തും കത്തിയും നിങ്ങൾ കേന്ദ്രത്തിന് നീട്ടിക്കൊടുത്തു -ആഞ്ഞടിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ

text_fields
bookmark_border
പി.എം ശ്രീ: കഴുത്തും കത്തിയും നിങ്ങൾ കേന്ദ്രത്തിന് നീട്ടിക്കൊടുത്തു -ആഞ്ഞടിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ
cancel

തിരുവനന്തപുരം: പി.എം ശ്രീ വിഷയത്തിൽ പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പി.എം ശ്രീയിൽ ഒപ്പിട്ടതോടെ കേന്ദ്ര സർക്കാറിന് മുന്നിൽ കഴുത്തും കത്തിയും കൊടുത്തത് പിണറായി സർക്കാറാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

‘കരാറിൽനിന്ന് പിന്മാറാനുള്ള ഏക അധികാരവും അവകാശവും കേന്ദ്ര ഗവൺമെന്റിന് മാത്രമാണുള്ളതെന്നാണ് 2025 ഒക്ടോബർ 16ന് നിങ്ങൾ ഒപ്പിട്ട ആ ധാരണാപത്രത്തിൽ പറയുന്നത്. കേന്ദ്ര ഗവൺമെന്റിന് നിങ്ങൾ ഒപ്പിട്ടു കൊടുത്താണിത്. കഴുത്തും കത്തിയും കൂടി നിങ്ങൾ അവിടെ കൊടുത്തു. പൊതുതാല്പര്യം മുൻനിർത്തി 30 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി ഈ കരാർ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം കേന്ദ്രസർക്കാരിൽ മാത്രം നിക്ഷിപ്തമായിരിക്കുന്നു. ഇതാണ് ഇടതുപക്ഷം ഒപ്പിട്ട കരാറിലെ വ്യവസ്ഥ. സത്യത്തിൽ സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ ബലികഴിച്ച് പിണറായി സർക്കാർ ഒപ്പുവെച്ച ഒരു കരാറിനെ കുറിച്ചാണ് ഇപ്പോൾ വ്യാജപ്രചാരണം നടത്തുന്നവർ ഓർക്കേണ്ടത്. ഈ സർക്കാർ അധികാരത്തിൽ വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഞങ്ങൾ ഒരു കരാർ എവിടെയും ഒപ്പിട്ടിട്ടില്ല. നിങ്ങൾ ചെയ്തതുപോലെ നിഗൂഢമായ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല. എല്ലാവരെയും ഇരുട്ടിൽ നിർത്തി, ക്യാബിനറ്റിൽ പോലും ചർച്ച ചെയ്യാതെ വളരെ ഗൂഢമായി രഹസ്യമായി ഒപ്പുവെച്ച ഒരു കരാറാണിത്. സഖ്യകക്ഷികളെ പോലും അറിയിക്കാതെ പരമരഹസ്യമായിട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ ഒത്താശയോടു കൂടി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയാണ് ഈ പണികളൊക്കെ ചെയ്തത്. ആ ജാള്യത മറക്കാനാണ് ഞങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.

നിങ്ങൾ ഒപ്പിട്ട കരാർ നിങ്ങൾ റദ്ദാക്കി എന്നാണ് നിങ്ങളുടെ വാദം. എവിടെ റദ്ദാക്കി? ആ കത്ത് ഞാൻ വായിക്കാം. നിങ്ങൾ കൊടുത്തത് 2025 നവംബർ 12ന് നൽകിയ കത്തിൽ കരാർ റദ്ദാക്കണമെന്നോ തുടർ നടപടി വേണ്ടെന്നോ പറയുന്നില്ല. ആശങ്കകൾ ചർച്ച ചെയ്യാൻ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ എംഓയു നടപ്പാക്കുന്നത് താൽക്കാലികമായി നീട്ടി വെക്കേണ്ടതാണെന്ന് അറിയിച്ചു’ -ഷംസുദ്ദീൻ പറഞ്ഞു.

പി.എം ശ്രീയുടെ ഇടതുകാലത്തെ നാൾവഴികൾ സി.പി.എമ്മിന് രാഷ്ട്രീയ തിരിച്ചടിയാവുകയാണ്. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിയാണ് വിദ്യാഭ്യാസ വകുപ്പ് കരാറിൽ ഒപ്പുവെച്ചത്. മുന്നണിക്കുള്ളിൽ പൊട്ടിത്തെറി കടുക്കുകയും സി.പി.ഐ ഇടയുകയും ചെയ്തപ്പോഴും ‘കുട്ടികളുടെ ഭാവി’ എന്ന വാദമുയർത്തി രണ്ടു ദിവസത്തോളം കരാറിനെ സി.പി.എം ന്യായീകരിച്ചു. സംസ്ഥാനത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര ഫണ്ട് അനിവാര്യമാണെന്നായിരുന്ന അന്ന് സി.പി.എം നിലപാട്. രാഷ്ട്രീയ സമ്മർദം കടുത്തതോടെ സി.പി.എമ്മും വിദ്യാഭ്യാസ വകുപ്പും പിന്മാറിയെങ്കിലും ഏതു സാഹചര്യത്തിലാണ് കരാർ ഒപ്പിട്ടതെന്ന ചോദ്യവും ആദ്യഘട്ടത്തിൽ ഉയർത്തിയ ന്യായവാദങ്ങളുമാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാടുകളെ തിരിഞ്ഞുകൊത്തുന്നത്.

കരാറിനെതിരെ ശക്തമായി വാദിച്ച യു.ഡി.എഫ്, ഭരണത്തിന് പിന്നാലെയുള്ള ചുവടുമാറ്റത്തോടെ അന്നു പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരികയും ധാർമികമായി പ്രതിരോധത്തിലാവുകയും ചെയ്യുമ്പോഴും അക്കാര്യം ആർജവത്തോടെ രാഷ്ട്രീയമായി ചോദ്യം ചെയ്യാൻ സി.പി.എമ്മിന് കഴിയുന്നില്ല.

അന്ന് ഒപ്പിട്ടതല്ലാതെ തുടർനടപടികളൊന്നും സ്വീകരിച്ചില്ലെന്നും യു.ഡി.എഫ് സർക്കാർ കേന്ദ്രത്തിന് പൂർണമായി കീഴടങ്ങിയെന്നുമാണ് സി.പി.എമ്മിന്റെ പുതിയ വാദം. എന്നാൽ, യു.ഡി.എഫിനെതിരെ വിഷയം ഉയർത്തിക്കാട്ടുമ്പോഴെല്ലാം കേന്ദ്രാവിഷ്കൃത നയങ്ങൾക്കെതിരെ പ്രത്യയശാസ്ത്രപരമായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പാർട്ടിക്ക്, അതേ പദ്ധതിയുടെ തുടക്കക്കാരാകേണ്ടി വന്നത് ഏതു സാഹചര്യത്തിലെന്ന ചോദ്യവും നേരിടേണ്ടി വരുന്നു. പ്രതിരോധത്തിലാണെങ്കിലും ഈ രാഷ്ട്രീയ സാധ്യത മുന്നിൽക്കണ്ടാണ് ഇടതുസർക്കാർ ഒപ്പിട്ട കരാർ തുടരാൻ തങ്ങൾ നിർബന്ധിതമായെന്ന വാദമുഖമുയർത്തി സർക്കാർ ചെറുത്തുനിൽക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education policyn shamsudheenCPMPM SHRI
News Summary - PM SHRI: 'You handed neck and knife to Centre' - Minister N. Shamsudheen lashes out
Next Story