പി.എം ശ്രീ: കേന്ദ്രത്തിന് കത്തയക്കുന്നതിൽ കാലതാമസമില്ലെന്ന് വിദ്യാഭ്യാസമന്ത്രി
text_fieldsമന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്ത് അയക്കുന്നതിൽ കാലതാമസമില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. കത്തയക്കാനുള്ള സ്വാഭാവിക നടപടിക്രമമുണ്ട്. നിയമോപദേശം കിട്ടിയാൽ ഉടൻ അയക്കും. മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചു ഉത്തരവ് ഇറക്കിയിട്ടുണ്ട്. കത്ത് വൈകുന്നു എന്ന വിഷമം സി.പി.ഐക്കില്ല. പ്രശ്നം തീർന്നതിൽ ചില മാധ്യമങ്ങൾക്കാണ് പ്രശ്നം. പ്രശ്നം തീർന്നതിൽ ചിലർ ഏങ്ങിയേങ്ങി കരയുകയാണെന്നും മന്ത്രി പറഞ്ഞു.
കത്ത് വൈകിയത് കൊണ്ടാണോ ഫണ്ട് വന്നത് എന്ന ചോദ്യത്തിന് ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് പോകേണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഈ മാസം പത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണും. ഫണ്ട് ലഭിച്ചത് പി.എം ശ്രീയിൽ ഒപ്പിട്ടത് കൊണ്ടുള്ള നേട്ടമാണോ കോട്ടമാണോ എന്ന് പറയുന്നില്ല. നമുക്ക് കാര്യം നടന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു.അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കാൻ കേരളം ഏതറ്റം വരെയും പോകുമെന്നും മന്ത്രി പറഞ്ഞു.
പി.എം ശ്രീയിൽ കേന്ദ്രത്തിന് കത്തയക്കൽ: സി.പി.ഐ മന്ത്രിസഭയിൽ ഉന്നയിച്ചില്ല
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നത് മരവിപ്പിക്കാനുള്ള കത്ത് കേന്ദ്രസർക്കാറിന് കൈമാറാൻ വൈകുന്നത് മന്ത്രിസഭയിൽ ഉന്നയിക്കാതെ സി.പി.ഐ മന്ത്രിമാർ. തീരുമാനമെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും കത്ത് നൽകാത്തതിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. വിഷയം മന്ത്രിസഭ യോഗത്തിൽ ഉന്നയിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
കരാറിൽ ഒപ്പിട്ടതോടെ കേന്ദ്രസർക്കാർ സമഗ്രശിക്ഷ പദ്ധതിയിൽ തടഞ്ഞുവെച്ച ഫണ്ടിൽ 92.41 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. കത്തയക്കാത്ത സാഹചര്യത്തിൽ ദേശീയ വിദ്യാഭ്യാസ നയം പൂർണമായും സംസ്ഥാനത്ത് നടപ്പാക്കാമെന്ന വ്യവസ്ഥയോടെ സർക്കാർ ഒപ്പുവെച്ച കരാർ നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

