പി.എം ശ്രീ: മുൻ സർക്കാർ ഒപ്പിട്ടതിനാൽ സംസ്ഥാനം ‘കമ്മിറ്റഡ്’ ആയി -കുഞ്ഞാലിക്കുട്ടി
text_fieldskunjalikutty
തിരുവനന്തപുരം: മുൻ സർക്കാർ പി.എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി ഒപ്പിടുകയും ഫണ്ട് കിട്ടുകയും ചെയ്തുവെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഒപ്പിട്ടതിനാൽ പദ്ധതിയിൽ തുടരാൻ സംസ്ഥാനം ‘കമ്മിറ്റഡ്’ ആയി. കാര്യങ്ങൾ പഠിക്കാനും എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കാനുമാണ് ഉപസമിതിയെ മന്ത്രിസഭ യോഗം ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ലീഗ് നിലപാട് വ്യക്തമാക്കണം -ഐ.എൻ.എൽ
കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് പഠന പദ്ധതി നടപ്പാക്കാനുള്ള പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള മന്ത്രിസഭ തീരുമാനത്തോട് വകുപ്പ് മന്ത്രി എൻ. ശംസുദ്ദീനും എൽ.ഡി.എഫ് കാലത്ത് പി.എം ശ്രീക്കെതിരെ ‘ജിഹാദ്’ പ്രഖ്യാപിച്ച മുസ്‌ലിം ലീഗിനും എന്താണ് പറയാനുള്ളതെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജന. സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ ചോദിച്ചു.
പിണറായി സർക്കാറിന്റെ കാലത്ത് സർവശിക്ഷാ പദ്ധതിക്കായുള്ള (എസ്.എസ്.കെ) തുകയ്ക്കുവേണ്ടി അപേക്ഷിച്ചപ്പോൾ 2022 മുതൽ പി.എം ശ്രീ സ്കൂൾ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പിടാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളുടെ മേൽ സമ്മർദം ചെലുത്തുന്നുണ്ടായിരുന്നു.
സർക്കാർ വാദം പച്ചക്കള്ളം -ശിവൻകുട്ടി
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് മുൻ സർക്കാർ കേന്ദ്രഫണ്ട് വാങ്ങിയെന്നും അതിനാൽ പദ്ധതി തുടരണമെന്നുമുള്ള സർക്കാർ വാദം പച്ചക്കള്ളമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പി.എം ശ്രീ ഫണ്ട് വാങ്ങുന്നത് പോയിട്ട് ഏതൊക്കെ സ്കൂളുകളാണ് ഇതിനുകീഴിൽ വരേണ്ടതെന്നുപോലും ഇടതു സർക്കാർ ആലോചിച്ചിട്ടില്ല.
എസ്.എസ്.കെ ഫണ്ടാണ് ലഭിച്ചത്. ഇത് പി.എം ശ്രീയുമായി ഒരുബന്ധവുമില്ലാത്തതും നിർബന്ധമായും ലഭിക്കേണ്ടതുമാണ്. മുൻ സർക്കാർ പി.എം ശ്രീ പദ്ധതി നിർത്തിവെച്ചത് മുഖ്യമന്ത്രി ഒളിപ്പിക്കാൻ ശ്രമിക്കുകയാണ്. സർക്കാറുകൾ തുടർച്ചയാണ്, അതിനാൽ മുൻ സർക്കാർ ചെയ്തത് നിലവിലെ സർക്കാർ തുടരണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
പി.എം ശ്രീയിൽ സർക്കാർ തേടുന്ന രണ്ടു ഇളവുകളും നിലവിൽ സാധ്യമായവയാണെന്നും വസ്തുതകൾ മുഖ്യമന്ത്രി മൂടിവെക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു. മുൻ സർക്കാർ കാലത്ത് മന്ത്രിസഭ ചേർന്ന്, കരാർ നടപടികൾ മരവിപ്പിക്കാൻ കത്ത് നൽകിയിരുന്നു. ഇത് രേഖയായി നിലവിലുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത് കളവ് –എം.വി. ഗോവിന്ദൻ
കണ്ണൂർ: പി.എം ശ്രീ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി വലിയ കളവ് പറയുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘‘മുൻ സർക്കാർ നയാപൈസ പോലും ഇതിൽ വാങ്ങിയിട്ടില്ല. കഴിഞ്ഞ സർക്കാർ പി.എം ശ്രീ കരാർ മരവിപ്പിക്കുകയാണ് ചെയ്തത്. പൂർണമായി ബി.ജെ.പിക്ക് കീഴടങ്ങിയാണ് യു.ഡി.എഫ് സർക്കാർ പ്രവർത്തിക്കുന്നത്. വി.ഡി. സതീശന്റെ മംഗളൂരു യാത്ര ഇതിന്റെ ഭാഗമാണ്. പി.എം ശ്രീ പദ്ധതി, വി.സിമാരുടെ നിയമനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇതാണ് കാണാൻ കഴിയുന്നത്. നുണപറയാൻ മിടുക്കനായ മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്’’ -എം.വി. ഗോവിന്ദൻ പറഞ്ഞു.
മറുപടി പറയേണ്ടത് മുഖ്യമന്ത്രി -ജിഫ്രി തങ്ങള്‍
കോഴിക്കോട്: പി.എം ശ്രീ പദ്ധതി എന്തുകൊണ്ട് റദ്ദാക്കുന്നില്ല എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും ചരിത്ര സത്യങ്ങള്‍ക്ക് എതിരാണെങ്കില്‍ പദ്ധതി നടപ്പാക്കരുതെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങള്‍. അധികാരത്തിലെത്തിയാല്‍ പദ്ധതി റദ്ദ് ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. എന്തുകൊണ്ട് പദ്ധതി റദ്ദാക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. ഉപസമിതി പഠിക്കട്ടെ എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

