പി.എം ശ്രീ ഒപ്പുവിവാദം: കേന്ദ്രവിഹിതം കിട്ടാനുള്ളത് 1620 കോടി
text_fieldsകൊച്ചി: പി.എം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ചൂടുപിടിക്കുന്നതിനിടെ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവെക്കാത്തതുമൂലമുണ്ടായ കേരളത്തിന്‍റെ സാമ്പത്തിക നഷ്ടം വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. സമഗ്ര ശിക്ഷാ കേരളക്കു മാത്രം 1591കോടിയിലേറെ കിട്ടാനുണ്ട്. തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. അതുകൂടാതെ മറ്റു മൂന്നു പദ്ധതികൾക്കുള്ള കേന്ദ്രഫണ്ടും തടഞ്ഞിരിക്കുകയാണ്. 1620ലേറെ കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നു കിട്ടാനുള്ളതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്കു ലഭിച്ച മറുപടിയിൽ പറയുന്നു.
പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ(പി.എം.ജൻമൻ), ധർത്തി ആബ ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ (ഡി.എ ജെ.ജി.യു.എ), ഡയറ്റ് ഓഫ് എക്സലൻസ് പദ്ധതികൾക്കാണ് ഫണ്ട് ലഭിക്കാത്തത്. 2023-24 മുതൽ 2026-27 വരെയാണ് എസ്.എസ്.കെക്ക് 1591.82 കോടി കിട്ടാനുള്ളത്. ഈയിനത്തിൽ കിട്ടിയത് 240 കോടി മാത്രം. 2023-24 കാലയളവിൽ 280.56 കോടി കിട്ടാനുണ്ട്. എന്നാൽ, 2024-25 സാമ്പത്തിക വർഷം ആനുപാതിക കേന്ദ്ര വിഹിതമായ 513.54 കോടി രൂപയിൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല. 2025-26 വർഷത്തിൽ 456.65 കോടി രൂപ കിട്ടേണ്ടിടത്ത് 99.27 കോടി രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 357.38 കോടി കുടിശ്ശികയാണ്.
2026-27 സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന 440.34 കോടി രൂപയും ലഭ്യമായില്ല. ഇതിൽ 2023-24 മുതൽ 2025-26 വരെ ലഭിക്കാനുള്ള തുകയിൽ 106 കോടി രൂപ ഇക്കഴിഞ്ഞ ഒമ്പതിന് അംഗീകരിച്ച് ഉത്തരവായെങ്കിലും കിട്ടിയിട്ടില്ലെന്നും മറുപടിയിലുണ്ട്. പി.എം.ജൻമൻ പദ്ധതിയുടെ ഭാഗമായി മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ ഹോസ്റ്റൽ നിർമാണത്തിനായി കേന്ദ്രവിഹിതമായ 5.59 കോടി ലഭിക്കാനുണ്ട്. ഡി.എ ജെ.ജി.യു.എ പദ്ധതിക്കു കീഴിൽ ഇടുക്കി, കാസർകോട് ജില്ലകളിലെ നിർമാണ പ്രവർത്തനങ്ങൾക്കായി 3.57 കോടി മുടങ്ങിക്കിടക്കുന്നതായും ഡയറ്റ് ഓഫ് എക്സലൻസ് പദ്ധതിയിൽ ഇടുക്കി, പാലക്കാട് ജില്ലകളുൾപ്പെടെ 21.44 കോടി ലഭിക്കാനുണ്ടെന്നും രേഖയിലുണ്ട്.
പി.എം ശ്രീ: പിൻമാറ്റ വ്യവസ്ഥ കേന്ദ്രത്തിന് മാത്രം -മന്ത്രി ഷംസുദ്ദീൻ
ഫണ്ട് തടഞ്ഞുവെച്ചതുകൊണ്ടാണ് കഴിഞ്ഞ സർക്കാർ കരാറിൽ ഒപ്പിട്ടത്
ഏകപക്ഷീയമായ പി.എം ശ്രീ കരാറിൽ നിന്ന് പിൻമാറാൻ കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ -സാക്ഷരതാ വകുപ്പിനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും മാത്രമേ കഴിയൂവെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ അറിയിച്ചു. ഫണ്ടുകൾ തടഞ്ഞുവെച്ചതുകൊണ്ടാണ് പി.എം ശ്രീ പദ്ധതിയുടെ കരാറിൽ കഴിഞ്ഞ സർക്കാർ ഒപ്പിടാൻ നിർബന്ധിതമായതെന്നും ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു.
പി.എം ശ്രീ ഒപ്പിട്ടാൽ 152 ബ്ലോക്കുകളിൽ 304 സ്കൂളുകൾക്ക് ഓരോ കോടി രൂപ വീതം കിട്ടുമായിരുന്നു. സമഗ്രശിക്ഷ പദ്ധതിയിൽ 1,151.48 കോടി രൂപയും ലഭിക്കാനുണ്ട്. പി.എം ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ മറ്റു കേന്ദ്ര ഫണ്ടുകളും അന്യായമായി തടഞ്ഞുവെച്ചു. ഈ ഫണ്ടുകൾ പ്രതീക്ഷിച്ച് തന്നെയാണ് കഴിഞ്ഞ സർക്കാർ ഒപ്പിടാൻ നിർബന്ധിതമായതെന്ന് മന്ത്രി പറഞ്ഞു.
എസ്.എസ്.കെ ഉൾപ്പെടെ 2,000ത്തോളം കോടി രൂപ ഒപ്പിടാത്തതിന്റെ പേരിൽ സംസ്ഥാനത്തിന് നഷ്ടമാകും. പി.എം ശ്രീ പദ്ധതി ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ ഒരു ചർച്ചയും നടത്തിയിട്ടില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കരാറിൽ ഒപ്പിടുന്നതിന് അനുകൂല റിപ്പോർട്ടാണ് നൽകിയത്. കഴിഞ്ഞ സർക്കാർ രൂപവത്കരിച്ച മന്ത്രിസഭ ഉപസമിതി ഒരിക്കൽ പോലും യോഗം ചേർന്നിട്ടില്ല. എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനത്തിന് വേണം. ഒപ്പിട്ടാൽ പിന്നെ സംസ്ഥാനത്തിന് പിൻമാറാൻ കഴിയാത്ത വ്യവസ്ഥ കരാറിലുണ്ട്. കഴിഞ്ഞ സർക്കാറുണ്ടാക്കിയ കുരുക്ക് എങ്ങനെ മറികടക്കുമെന്നാണ് ആലോചിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

