പി.എം ശ്രീ: പ്രത്യക്ഷ പ്രതിഷേധവുമായി യൂത്ത് ലീഗ്
text_fieldsമലപ്പുറം: പി.എം ശ്രീ കരാറിൽ യു.ഡി.എഫ് നിലപാട് മാറ്റം ചർച്ചയായ സാഹചര്യത്തിൽ യൂത്ത് ലീഗും എം.എസ്.എഫും പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത്. രണ്ട് തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് മുഖ്യവിഷയമായി പ്രചാരണം നടത്തിയ പി.എം ശ്രീ ഒപ്പിടൽ വിവാദത്തിൽ മുസ്‍ലിം ലീഗിന് നേരെ ഉയരുന്ന വിമർശനങ്ങളെ തടയുന്നതിന്റെ ഭാഗമായാണ് പോഷക സംഘടനകളുടെ പ്രതിഷേധം.
യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി മലപ്പുറത്ത് വ്യാഴാഴ്ച ഉപ സമിതിക്ക് കത്തയക്കൽ പരിപാടി സംഘടിപ്പിച്ചു. യു.ഡി.എഫ് മുന്നണി നേരത്തെ എടുത്ത നിലപാടിൽ ഉറച്ചുനിൽക്കണമെന്നാവശ്യപ്പെട്ട് ഉപസമിതി അധ്യക്ഷനും വിദ്യാഭ്യാസ മന്ത്രിയുമായ എൻ. ഷംസുദ്ദീനാണ് മലപ്പുറം കുന്നുമ്മലിൽ നടന്ന പരിപാടിയിൽ കത്തയച്ചത്. അടുത്ത ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ പ്രതിഷേധങ്ങളും പരിപാടികളും സംഘടിപ്പിക്കാനാണ് യൂത്ത് ലീഗ് തീരുമാനം.
യൂത്ത് ലീഗും എം.എസ്.എഫും നടത്തുന്ന പ്രതിഷേധങ്ങൾ തടയേണ്ടതില്ലെന്നാണ് മുസ്‍ലിം ലീഗിന്റെ നിലപാട്. പോഷക സംഘടനകൾ അവരുടെതായ രീതിയിൽ കാര്യങ്ങൾ പറയട്ടെയെന്ന നിലപാടാണ് ലീഗിനുള്ളത്. അതിനാൽ, പ്രത്യക്ഷത്തിൽ മുസ്‍ലിം ലീഗിന്റെ മൗനാനുവാദത്തോടെയായിരിക്കും പ്രതിഷേധ പരിപാടികൾ. എന്നാൽ, ഭരണകക്ഷിയായ സാഹചര്യത്തിൽ മുസ്‍ലിം ലീഗ് ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിക്കില്ല. നിലവിൽ പി.എം ശ്രീ കരാർ വിഷയത്തിൽ കേന്ദ്രവുമായും മറ്റും നടക്കുന്ന സമവായ ചർച്ചക്കുശേഷം ഉപസമിതി എടുക്കുന്ന തീരുമാനമനുസരിച്ചായിരിക്കും മുസ്‍ലിം ലീഗ് നിലപാടെടുക്കുക. ഉപസമിതി തയാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരാറിൽ ഭേദഗതിക്കുള്ള ശ്രമമായിരിക്കും സംസ്ഥാന സർക്കാർ നടത്തുക. പി.എം ശ്രീ കരാർ ഒപ്പിടൽ വിഷയത്തിൽ കേന്ദ്രഫണ്ട് ലഭിച്ചാൽ സ്വീകരിക്കണമെന്ന നിലപാടാണ് സർക്കാറിനുള്ളത്.
അതേസമയം, പാഠ്യപദ്ധതിയുടെ കാര്യത്തിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുകയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പി.എം ശ്രീയിൽ എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ടതിനെ രാഷ്ട്രീയ വിഷയമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട മുസ്‍ലിം ലീഗിന് ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിവരും. ഇതിനുള്ള വഴി കൂടിയാണ് പോഷക സംഘടനകളുടെ പ്രതിഷേധങ്ങളിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെയുള്ള നിലപാടിൽനിന്ന് മുസ്‍ലിം ലീഗ് മാറിയില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം യൂത്ത് ലീഗ്, എം.എസ്.എഫ് തുടങ്ങിയ പോഷക സംഘടനകളുടെ പ്രതിഷേധത്തിലൂടെ സാധ്യമാക്കുക കൂടിയാണ് മുസ്‍ലിംലീഗിന്റെ ലക്ഷ്യം. എം.എസ്.എഫും പ്രതിഷേധവുമായി വരുംദിവസങ്ങളിൽ രംഗത്തിറങ്ങുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

