പി.എം ശ്രീ: തുടർനടപടികൾ മന്ത്രിസഭ ഉപസമിതി തീരുമാനിക്കുമെന്ന് എന്‍. ഷംസുദ്ദീന്‍; ഉപസമിതിയെയും ലീഗിനെയും വിമർശിച്ച് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: പി.എം ശ്രീ സ്‌കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട തുടർനടപടികൾ മന്ത്രിസഭ ഉപസമിതി തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. പദ്ധതിയുടെ എല്ലാവശങ്ങളും വിശദമായി പരിശോധിച്ചശേഷം ഉപസമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പി.എം ശ്രീ പഠിക്കാന്‍ മന്ത്രിസഭ ഉപസമിതിയെ വെച്ചത് കൊടുംചതിയാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ പറഞ്ഞു. സർക്കാര്‍ കേരള സമൂഹത്തോട് മാപ്പുപറയണമെന്നും അതിനുശേഷം മതി തുടര്‍നടപടികളുമായി മുന്നോട്ടുപോകാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉപസമിതിയുടെ അന്തിമ റിപ്പോർട്ട് വരുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്‌കൂളുകളുടെ തെരഞ്ഞെടുപ്പാണ് അടുത്തഘട്ടം. ഇക്കാര്യത്തിൽ ഉപസമിതിയുടെ തീരുമാനശേഷം മാത്രം നടപടികളിലേക്ക് കടക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധികൾക്ക് കാരണം മുൻസർക്കാറാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, ലീഗിന്റെ വിദ്യാഭ്യാസമന്ത്രിയെ കൊണ്ടുതന്നെ പി.എം ശ്രീ കേരളത്തില്‍ നടപ്പാക്കിക്കാന്‍ കഴിഞ്ഞുവെന്നത് മലയാളികളുടെ ആകെ അഭിമാനമാണെന്ന് കെ. സുരേന്ദ്രൻ പരിഹസിച്ചു. കൊത്തിയ പാമ്പിനെ കൊണ്ടുതന്നെ വിഷമിറപ്പിക്കാന്‍ കഴിയുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് അഭിമാനമാണെന്നും കൂട്ടിച്ചേർത്തു.
പി.എം ശ്രീയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ സുരേന്ദ്രന്‍, ഇന്ത്യ പഠിപ്പിക്കുന്നത് കേരളവും പഠിപ്പിക്കുമെന്നും അവകാശവാദമുന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

