പി.എം ശ്രീ: മുന്നണി മര്യാദയുടെ ലംഘനമെന്ന് ബിനോയ് വിശ്വം, കടുത്ത പ്രതിഷേധവുമായി എ.ഐ.വൈ.എഫ്
text_fieldsതിരുവനന്തപുരം: കേരളം പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചു എന്ന വാർത്ത സത്യമാണെങ്കിൽ അത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. സി.പി.ഐയുടെ കടുത്ത എതിർപ്പിനെ മറികടന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചിരിക്കുന്നത്.
കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിടുകയായിരുന്നു. പിഎം ശ്രീ മുന്നണി നയങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നും ഒരു കാരണ വശാലും അംഗീകരിക്കാൻ കഴിയില്ലെന്നും എ.ഐ.വൈ.എഫും പ്രതികരിച്ചു. പ്രതിഷേധത്തെ തുടർന്ന് വ്യാഴാഴ്‌ച രാത്രി എ.ഐ.വൈ.എഫ് അടിയന്തരമായി ഓൺലൈൻ യോഗം ചേർന്നു.
പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പു വെച്ചതായുള്ള വാർത്ത ആശങ്കയുളവാക്കുന്നതാണെന്നും ഇടത് മുന്നണിയുടെ നയങ്ങളിൽ നിന്നുള്ള വ്യതിചലനം ഒരു കാരണ വശാലും അംഗീകരിക്കാൻ കഴിയില്ലെന്നും എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.
പി എം ശ്രീ നടപ്പായാൽ കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ ഉടലെടുക്കുന്ന ദൂര വ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് കേരള ജനതയോട് പി എം ശ്രീ വിരുദ്ധ നിലപാട് ഇടത് പക്ഷ ജനാധിപത്യ മുന്നണി പറഞ്ഞത്.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാരിന്റെ കീഴിലാക്കുകയും അത് വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പും, പാഠഭാഗങ്ങൾ നിർണയിക്കാനുമുള്ള അധികാരവും ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര ഗവണ്മെന്റിൽ നിക്ഷിപ്തമാക്കുകയും ചെയ്യുന്ന പി എം ശ്രീ പദ്ധതിക്കെതിരായ നിലപാട് മയപെടുത്താൻ അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭങ്ങൾക്ക് എ.ഐ.വൈ.എഫ് നേതൃത്വം നൽകുമെന്നും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി.ടി ജിസ്‌മോൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

