പി.എം ശ്രീ: മന്ത്രിസഭ യോഗ ശേഷം മുഖ്യമന്ത്രി മന്ത്രി കെ. രാജനുമായി ചർച്ച നടത്തിയെന്ന് സൂചന
text_fieldsപിണറായി വിജയൻ, കെ. രാജൻ, ബിനോയ് വിശ്വം
തിരുവനന്തപുരം: കേന്ദ്രസർക്കാർ പദ്ധതിയായ പി.എം ശ്രീ സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ മന്ത്രിസഭയിൽ കടുത്ത പ്രതിഷേധം ഉയർത്തി സി.പി.ഐ. മന്ത്രി കെ. രാജനാണ് പദ്ധതിയുടെ ധാരണപത്രം ഒപ്പിടാനുള്ള നീക്കത്തിൽ ആശങ്ക അറിയിച്ചത്.
നേരത്തെ രണ്ടുതവണ മന്ത്രിസഭ ചർച്ച ചെയ്ത് മാറ്റിവെച്ചതാണ് പി.എം ശ്രീയെന്നും ഇപ്പോൾ വീണ്ടും പദ്ധതിയിൽ ചേരുന്നുവെന്ന രീതിയിൽ വാർത്ത വരുന്നതിൽ പാർട്ടിക്ക് വലിയ ആശങ്കയുണ്ടെന്നും മന്ത്രി രാജൻ പറഞ്ഞു. സമാന വിഷയത്തിൽ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ച് തടഞ്ഞുവെച്ച ഫണ്ടിലെ നല്ലൊരു ശതമാനം നേടിയെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനോ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയോ യോഗത്തിൽ പ്രതികരിച്ചില്ല. മന്ത്രിസഭ യോഗ ശേഷം മുഖ്യമന്ത്രി കെ. രാജനുമായി ചർച്ച നടത്തി സർക്കാർ നിലപാട് അറിയിച്ചതായാണ് വിവരം. പി.എം ശ്രീ ഒപ്പുവെക്കാത്തത് വഴി സമഗ്ര ശിക്ഷ പദ്ധതിയിലെ കേന്ദ്രഫണ്ട് തടയപ്പെട്ടതും അതുവഴി വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതികൾ പ്രതിസന്ധിയിലായതും മുഖ്യമന്ത്രി വിശദീകരിച്ചതായാണ് സൂചന.
രാവിലെ മന്ത്രിസഭ യോഗത്തിന് മുമ്പായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി മന്ത്രിമാരെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാനുള്ള തീരുമാനത്തിൽ ആശങ്ക അറിയിക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് മന്ത്രി രാജൻ വിഷയം ഉന്നയിച്ചത്.
പി.എം ശ്രീയിൽ ഒപ്പുവെക്കാനുള്ള തീരുമാനം മന്ത്രിസഭയിൽ കൊണ്ടുവരേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ധാരണപത്രത്തിൽ ഒപ്പുവെക്കാനും കേന്ദ്രഫണ്ട് വാങ്ങാനും സി.പി.എം തീരുമാനിച്ചതോടെയാണ് മുന്നണിക്കുള്ളിലെ എതിർപ്പ് വകവെക്കാതെ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

