പി.എം ശ്രീ: കോൺഗ്രസ് ജയിക്കുകയും ബി.ജെ.പി ഭരിക്കുകയും ചെയ്യുന്നതിന് കേരളം സാക്ഷിയാകുന്നു -എം. സ്വരാജ്
text_fieldsതിരുവനന്തപുരം: ഇടതുസർക്കാർ ഒപ്പുവെച്ച പി.എം ശ്രീ പദ്ധതിയിൽ ഗത്യന്തരമില്ലാതെ തുടരാൻ നിർബന്ധിതമായെന്ന് സർക്കാർ വാദിക്കുന്നതിടെ, രൂക്ഷമായി വിമർശിച്ചും കടന്നാക്രമിച്ചും പ്രതിപക്ഷം. ഇടതുസർക്കാർ പദ്ധതി നടപ്പാക്കാൻ തുനിഞ്ഞപ്പോൾ അന്നത്തെ പ്രതിപക്ഷ നിരയിൽ നിന്നുയർന്ന വിമർശനങ്ങൾകൂടി അടിവരയിട്ടാണ് സി.പി.എം നീക്കം. കോൺഗ്രസ്-ബി.ജെ.പി ഡീൽ എന്നതിലേക്ക് വരെ പ്രതിപക്ഷം ആരോപണം കടുപ്പിക്കുന്നു.
ഇടതു സർക്കാർ മണ്ണിട്ടുമൂടിയ പദ്ധതിയെ വലിച്ചെറിയുമെന്ന് പറഞ്ഞവർ കുഴിമാന്തിയെടുത്ത് തലയിലേറ്റി നടക്കുന്നതാണ് കാണുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം. സ്വരാജ് വാർത്തസമ്മേളനത്തിൽ തുറന്നടിച്ചു. കോൺഗ്രസ് ജയിക്കുകയും ബി.ജെ.പി ഭരിക്കുകയും ചെയ്യുന്നതിനാണ് കേരളം സാക്ഷിയാകുന്നത്. പി.എം ശ്രീ അറബിക്കടലിൽ എറിയുമെന്നാണ് ഇന്നത്തെ തദ്ദേശമന്ത്രി അന്ന് പ്രഖ്യാപിച്ചത്. അധികാരത്തിൽവന്നാൽ പദ്ധതി നിർത്തലാക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഇടതുസർക്കാർ പി.എം ശ്രീയിൽ ഒപ്പിട്ട് പണംവാങ്ങിയെന്നാണ് ഇപ്പോൾ പറയുന്നത്. പി.എം ശ്രീ ഇനത്തിൽ കേരളം നയാപൈസ കൈപ്പറ്റിയിട്ടില്ല. എസ്.എസ്.കെ ഫണ്ട് വാങ്ങിയതിനാണ് പി.എം ശ്രീ എന്നു പറയുന്നത്-അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയുടെ ഇഷ്ടങ്ങൾ നിർവഹിക്കുന്ന, അവരുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായി വി.ഡി. സതീശൻ മാറുന്നതായി കെ.എൻ. ബാലഗോപാൽ ഫേസ്ബുക് പോസ്റ്റിൽ വിമർശിച്ചു. പി.എം. ശ്രീ പദ്ധതിയിൽനിന്ന് ഇടതുസർക്കാർ പിന്മാറിയില്ലെന്നും പദ്ധതിയുടെ ഭാഗമായ പണം കൈപ്പറ്റിയെന്നുമുള്ള മുഖ്യമന്ത്രിയുടെ ആരോപണം സത്യവിരുദ്ധമാണ്. 2025 ഒക്ടോബർ 23ന് പി.എം ശ്രീ പദ്ധതി ധാരണപത്രത്തിൽ ഇടതുസർക്കാർ ഒപ്പുവെച്ചിരുന്നു. സമഗ്ര ശിക്ഷാ പദ്ധതിയുടേതുൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ ഗ്രാന്റുകൾ പി.എം ശ്രീ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രസർക്കാർ തടഞ്ഞ പശ്ചാത്തലത്തിലാണിത്. എന്നാൽ, തുടർന്ന് മുന്നണിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി ധാരണാപത്രത്തിൽനിന്ന് പിന്മാറാനുള്ള കത്ത് നവംബർ 12ന് നൽകി. പിന്നീട് ഒരു നടപടിയും സംസ്ഥാനത്തുണ്ടായില്ല-ബാലഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

