പി.എം ശ്രീ: ജോൺ ബ്രിട്ടാസിന്‍റെ ‘പാലമിടലി’ൽ പുറത്തായത് ധാരണപത്രത്തിനുപിന്നിലെ ‘ധാരണ’
text_fieldsതിരുവനന്തപുരം: കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന്‍റെ പാർലമെന്‍റിലെ വെളിപ്പെടുത്തലോടെ, മന്ത്രിസഭയെയും ഇടതുമുന്നണിയെയും ഇരുട്ടിൽനിർത്തി ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുന്ന പി.എം ശ്രീ പദ്ധതിയുടെ ധാരണപത്രത്തിൽ കേരളം ഒപ്പിട്ടതിന്‍റെ പിറകിലെ ‘ധാരണ’ കൂടുതൽ വെളിച്ചത്തേക്ക്. മുഖ്യമന്ത്രിയും മന്ത്രി വി. ശിവൻകുട്ടിയും മാത്രം അറിഞ്ഞ് ഒപ്പിട്ടതിന്‍റെ പിന്നിലെ പ്രധാന ചാലകശക്തിയും ഇടനിലക്കാരനുമായത് സി.പി.എം രാജ്യസഭാംഗം ജോൺ ബ്രിട്ടാസായിരുന്നു.
സമഗ്രശിക്ഷ പദ്ധതിയിൽ കേരളത്തിന് ലഭിക്കാനുള്ള ഫണ്ടിനായാണ് ഇടപെട്ടതെന്ന ബ്രിട്ടാസിന്‍റെ വാദം നിലനിൽക്കുന്നതല്ല. പി.എം ശ്രീയിൽ ഒപ്പിട്ടാൽ സമഗ്രശിക്ഷ ഫണ്ട് ലഭിക്കുമെന്ന് കേരളത്തെ നേരത്തേ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തിൽ കുരുക്കാനാണ് പി.എം ശ്രീ വഴി കേന്ദ്രം ശ്രമിക്കുന്നതെന്ന ബോധ്യത്തിലാണ് പദ്ധതിയിൽ ഒപ്പിടാതെ ഫണ്ട് അനുവദിക്കണമെന്ന നിലപാട് കേരളം കൈക്കൊണ്ടത്. ഇതിനായി പലതവണ വിദ്യാഭ്യാസ വകുപ്പ് കത്ത് നൽകുകയും മന്ത്രി വി. ശിവൻകുട്ടി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെ നേരിൽ കാണുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് പദ്ധതിയെ കേരളം എന്ത് കാരണത്താലാണോ എതിർത്തത് അത് അതേപടി അംഗീകരിച്ച് ധാരണപത്രം ഒപ്പിട്ടത്. ഇതുവഴി ആർ.എസ്.എസിന്‍റെ വിദ്യാഭ്യാസ അജണ്ടയിൽ രൂപപ്പെട്ട ദേശീയ വിദ്യാഭ്യാസ നയം പൂർണാർഥത്തിൽ നടപ്പാക്കാമെന്ന് കേരളം അംഗീകിച്ചു.
സമഗ്രശിക്ഷ ഫണ്ടിനായാണ് ഇടപെട്ടതെന്ന് ബ്രിട്ടാസ് ആവർത്തിക്കുമ്പോഴും ഇതിനായി ഒപ്പിട്ട ധാരണപത്രത്തിലെ അപകടകരമായ വ്യവസ്ഥകൾ സംബന്ധിച്ച് മൗനം പാലിച്ചു. പുറമേക്ക് കേന്ദ്ര സർക്കാറിന്‍റെ വിദ്യാഭ്യാസ നയങ്ങളെ രൂക്ഷമായി വിമർശിക്കുമ്പോഴാണ് പി.എം ശ്രീ പദ്ധതിക്കായി ഈ നയങ്ങൾ അംഗീകരിക്കാമെന്ന് കേരളം സ്വകാര്യമായി സമ്മതിച്ചത്. അതിൽ ഇടനിലക്കാരനായത് നയങ്ങളെ പാർലമെന്‍റിൽ എതിർത്ത ജോൺ ബ്രിട്ടാസ് ആയിരുന്നുവെന്നതും പുറത്തായി. സി.പി.ഐ എതിർത്തതോടെയാണ് പദ്ധതി നടപ്പാക്കുന്നത് മരവിപ്പിക്കാൻ സർക്കാർ കത്ത് നൽകിയത്.
ബ്രിട്ടാസിന്‍റെ പങ്ക് പുറത്തുവന്നതോടെ മന്ത്രിസഭയെ മറികടന്നുള്ള നീക്കത്തിന്‍റെ പിറകിലെ പ്രധാന ഇടനിലക്കാരൻ ആരാണെന്നതിൽ സി.പി.ഐക്കും വ്യക്തത വന്നു. തെരഞ്ഞെടുപ്പ് കാലമായതിനാൽ സി.പി.ഐ വിഷയം വീണ്ടും ചർച്ചയാക്കുന്നില്ലെന്നുമാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

