പി.എം ശ്രീ: യു.ഡി.എഫിനും മുഖ്യം ഫണ്ട്; രാഷ്ട്രീയ നിലപാടിൽ പിറകോട്ടടി
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: രണ്ടു തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ആയുധമാക്കിയ പി.എം ശ്രീ ഒപ്പിടൽ വിവാദത്തിൽ ഒടുവിൽ യു.ഡി.എഫിനും മുഖ്യം കേന്ദ്ര ഫണ്ട്. എൽ.ഡി.എഫ് സർക്കാറിനെതിരെ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ പി.എം ശ്രീ ആയുധമാക്കിയ യു.ഡി.എഫിന്‍റെ സർക്കാറാണ് ഒടുവിൽ കരാറുമായി മുന്നോട്ടുപോകാൻ ഒരുങ്ങുന്നത്.
തടഞ്ഞുവെച്ച സമഗ്രശിക്ഷ പദ്ധതി ഫണ്ട് വിട്ടുകിട്ടുന്നതിനപ്പുറം വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് അജണ്ട ഒളിപ്പിച്ചുവെച്ച ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി 2020) പൂർണമായി നടപ്പാക്കാമെന്ന് പി.എം ശ്രീ കരാറിലൂടെ ഒപ്പിട്ടുനൽകിയതാണ് കേരളം ആശങ്കയായി കണ്ടിരുന്നത്. ഒപ്പിട്ട കരാറിൽനിന്ന് സംസ്ഥാനത്തിന് പിൻമാറാൻ വ്യവസ്ഥകളില്ലെന്ന സൗകര്യം യു.ഡി.എഫ് സർക്കാർ അവസരമാക്കി മാറ്റുകയാണ് ചെയ്തത്. പ്രതിവർഷം ശരശാരി 700 കോടിയോളം രൂപയാണ് സമഗ്രശിക്ഷയിൽ കേരളത്തിന്‍റെ വിഹിതം. ഇതിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്.
പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടില്ലെന്ന കാരണത്താൽ 2023 മുതലുള്ള സമഗ്രശിക്ഷ വിഹിതമാണ് കേരളത്തിന് ലഭിക്കാതെ പോയത്. എസ്.എസ്.കെ പദ്ധതികൾ ഒന്നടങ്കം അവതാളത്തിലാവുകയും ഓഫിസ് ജീവനക്കാർക്ക് മാസങ്ങളോളം ശമ്പളം മുടങ്ങുകയും ചെയ്തതോടെയാണ് പി.എം ശ്രീയിൽ ഒപ്പിടുന്നതിനെക്കുറിച്ച് എൽ.ഡി.എഫ് ആലോചിച്ചുതുടങ്ങിയത്. എന്നാൽ, മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ സ്വകാര്യമായി കരാറിൽ ഒപ്പിട്ടതാണ് എൽ.ഡി.എഫ് സർക്കാറിന് കുരുക്കായത്. മുന്നണിയിൽ സി.പി.ഐ കലാപക്കൊടി ഉയർത്തിയതോടെ കരാറിലെ തുടർനടപടികൾ താൽക്കാലികമായി നിർത്തിവെച്ച് ഇടതുസർക്കാർ തലയൂരി. വിഷയം പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചെങ്കിലും ഒരു യോഗം പോലും ചേർന്നില്ല.
പി.എം ശ്രീയിൽ എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ടത് യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള സംസ്ഥാന സർക്കാറിന് പ്രതിവർഷം സമഗ്രശിക്ഷ ഫണ്ട് വേണ്ടെന്നുവെച്ചാൽ സ്കൂളുകളിൽ നടപ്പാക്കുന്ന സൗജന്യ പാഠപുസ്തകം, യൂനിഫോം ഉൾപ്പെടെയുള്ള പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാൻ പകരം പണം കണ്ടെത്തേണ്ടിവരും. ഇതുണ്ടാക്കുന്ന പ്രതിസന്ധി വലുതാണ്. ഇതെല്ലാം പരിഗണിച്ചാണ് വ്യവസ്ഥകളിൽ ഇളവിന് ശ്രമിച്ച്, ഒപ്പിട്ട കരാറുമായി മുന്നോട്ടുപോകാനും അതുവഴി സമഗ്രശിക്ഷ പദ്ധതിയിലെ ഫണ്ട് നേടാനുമുള്ള വഴിയിലേക്ക് യു.ഡി.ഫ് നീങ്ങുന്നത്. ഒപ്പിട്ട കരാർ പ്രകാരം സംസ്ഥാന സർക്കാറിന് പദ്ധതിയിൽനിന്ന് പിൻമാറാൻ വ്യവസ്ഥയില്ല. കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ-സാക്ഷരത വകുപ്പ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, കേന്ദ്രസർക്കാർ എന്നിവക്ക് മാത്രമേ കരാർ റദ്ദാക്കാനോ പിൻമാറാനോ അധികാരമുള്ളൂ. കരാറിൽ ഒപ്പിട്ട കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ വകുപ്പിനും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനും പരസ്പര സമ്മതത്തോടെ നിലവിലുള്ള കരാറിൽ ഭേദഗതിയോ തിരുത്തലോ വരുത്താൻ വ്യവസ്ഥയുണ്ട്.
പുതുതായി രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതി തയാറാക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കരാറിൽ ഭേദഗതിക്കുള്ള ശ്രമമായിരിക്കും സംസ്ഥാന സർക്കാർ നടത്തുക. പാഠ്യപദ്ധതി, സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അധികാരം എന്നിവയിലാണ് സംസ്ഥാനം സ്വാതന്ത്ര്യം നേടുന്നത്.
അപ്പോഴും പദ്ധതിക്കെതിരെ മുമ്പെടുത്ത രാഷ്ട്രീയ നിലപാടിൽനിന്ന് യു.ഡി.എഫിന് ഭരണത്തിലെത്തിയപ്പോൾ പിന്നാക്കം പോകേണ്ടിവരുന്നുവെന്ന സാഹചര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

