പി.എം ശ്രീ: ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ് ബുധനാഴ്ച
text_fieldsതിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറുക, എൻ.ഇ.പി കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല എന്നീ മുദ്രാവാക്യങ്ങളുയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻറ് ബുധനാഴ്ച (ഒക്.29) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് നഈം ഗഫൂർ അറിയിച്ചു.
പി.എം ശ്രീയിൽ ചേരുന്നത് വിദ്യാലയങ്ങളെ സംഘ്പരിവാർവത്ക്കരിക്കാനുള്ള ബി.ജെ.പിയുടെ അജണ്ടക്ക് തലവെച്ചുകൊടുക്കലാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ആരോപിച്ചു. സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ പോലും തടഞ്ഞുവെച്ച് ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടുന്ന സംസ്ഥാന സർക്കാർ നീക്കത്തിനെതിരെയും ഫ്രറ്റേണിറ്റി സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരു പോലെ അവകാശമുള്ള ഭരണഘടനയുടെ കൺകറൻ്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തിനെ കേന്ദ്രത്തിൻ്റെ അധികാര പരിധിയിലാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനോടനുബന്ധിച്ചാണ് വിദ്യാഭ്യാസ നയത്തെ അടിച്ചേൽപ്പിക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ തടഞ്ഞുവെക്കുന്നതും പി.എം ശ്രീയിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതും.
വിദ്യാഭ്യാസ ഫണ്ടുകളും മറ്റും തരില്ലെന്ന കേന്ദ്ര സർക്കാറിൻ്റെ തിട്ടൂരത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. കുട്ടികൾക്ക് അവകാശപ്പെട്ട 1466 കോടി രൂപ വെറുതെ എന്തിനാ കളയുന്നത് എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ വങ്കത്തരം മാത്രമാണ്. ഇങ്ങനെയാണേൽ കേന്ദ്രം 2000 കോടി തരാമെന്ന് പറഞ്ഞാൽ സംസ്ഥാന സർക്കാർ പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കാൻ തയ്യാറാകുമോ?. ഒരു ബ്ലോക്കിൽ രണ്ട് സ്കൂളുകൾ എന്ന നിരക്കിൽ കേരളത്തിലെ മുന്നൂറിൽപരം സ്കൂളുകളെ കേന്ദ്രത്തിന്റെ രാഷ്ട്രീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്കാണ് നയിക്കുക. പി.എം ശ്രീ വഴി വിദ്യാഭ്യാസ രംഗത്തെ സംഘ്പരിവാറിന് തീറെഴുതിക്കൊടുക്കുന്ന ഏർപ്പാടിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് വിട്ടുനിൽക്കുകയും സംസ്ഥാനത്തിന് അവകാശപ്പെട്ട ഫണ്ട് തടയുന്നതിനെ നിയമപരമായി നേരിടുയും ചെയ്യണം.
ഗവർണറുടെ സംഘ്പരിവാർ നയങ്ങൾക്കെതിരെ കേരളത്തിലുടനീളം പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുള്ള എസ്.എഫ്.ഐ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള സർക്കാറിന്റെയും പ്രത്യക്ഷത്തിൽ തന്നെയുള്ള ഈ സംഘ്പരിവാർ വിധേയത്വത്തിന് മുന്നിൽ കാണിക്കുന്ന ബോധപൂർവമായ മൗനത്തെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം തിരിച്ചറിയണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

