പി.എം ശ്രീ: സി.പി.ഐയെ മെരുക്കാൻ സി.പി.എം; സർക്കാറിന്റെ യുടേണിനെതിരെ എ.ഐ.വൈ.എഫ്
text_fieldsതിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ ഒപ്പിടുന്നതിലെ ഭിന്നതയിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ. പാർട്ടിക്ക് പിന്നാലെ എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, എ.കെ.എസ്.ടി.യു എന്നിവയും പരസ്യപ്രതിഷേധവുമായി രംഗത്തുവന്നു. എതിർപ്പ് അതിരുവിട്ട് കൊമ്പുകോർക്കലായതോടെ ഇടതു മുന്നണി യോഗം വിളിച്ച് പ്രശ്നം പരിഹാരിക്കാമെന്ന നിലപാടിലാണ് സി.പി.എം. അതിനാൽ പരസ്യ വിമർശനത്തോട് പ്രതികരിക്കേണ്ടെന്നാണ് നിർദേശം.
മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി സാന്നിധ്യത്തിലാവും യോഗം. കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് നഷ്ടമാകുന്നത് തിരിച്ചടിയാകുമെന്നത് സി.പി.ഐയെ ബോധ്യപ്പെടുത്തും. അതേസമയം, മന്ത്രിസഭയിലും മുന്നണിയിലും ചർച്ച ചെയ്യാതെ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ‘രഹസ്യനീക്ക’ത്തോട് വിട്ടുവീഴ്ച വേണ്ടെന്നാണ് സി.പി.ഐ പക്ഷം.
ആർ.എസ്.എസ് അജണ്ടയായ ദേശീയ വിദ്യാഭ്യാസ നയം പിന്നാലെ നടപ്പാക്കേണ്ടി വരുമെന്നതിനാലാണ് പി.എം ശ്രീയിൽ നിന്ന് കേരളം ആദ്യം വിട്ടുനിന്നത്. എന്നാൽ, 1500 കോടിയോളം രൂപയുടെ പദ്ധതികളിൽ കേന്ദ്ര വിഹിതം ലഭിക്കാതായതോടെ വിദ്യാഭ്യാസ വകുപ്പ് നിലപാട് മാറ്റി. മന്ത്രിസഭയിൽ സമവായമുണ്ടായില്ല. ഇതോടെ കേരളം വീണ്ടും മുഖംതിരിച്ചു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതിഷേധമുയർത്തിയതോടെ മന്ത്രിസഭ ചർച്ച ചെയ്തില്ലെന്ന് മന്ത്രി കെ. രാജൻ പരസ്യമാക്കിയത് ബോധപൂർവമാണ്. ആർ.എസ്.എസ് തിട്ടൂരത്തിന് വഴങ്ങി രാഷ്ട്രീയ നിലപാട് ബലികഴിക്കുകയല്ല ഇടതു സർക്കാർ ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടുന്ന ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണന്റെ ‘പി.എം ശ്രീയിലെ കാണാചരടുകൾ’ ലേഖനം പ്രസിദ്ധീകരിച്ച് പാർട്ടി മുഖപത്രം ‘ജനയുഗ’വും പോരിന് മൂർച്ചകൂട്ടി.
ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചുകടത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നാണ് എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും ചൂണ്ടിക്കാട്ടുന്നത്. പ്രശ്നം മുന്നണി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

